ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള ശ്രമം പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി
കിറ്റു൦,അരിയും മുടക്കി ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം തക൪ക്കാമെന്ന രീതി വിലപ്പോവില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിനുള്ളത് സങ്കുചിത മനോഭാവമാണ്. പ്രതിപക്ഷ നേതാവ് പരാതി പിൻവലിക്കണ൦,ജനങ്ങളോട് മാപ്പ് പറയണ൦.
കൊച്ചി: ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റും അരിയും മുടക്കി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നൽകിയ പരാതി പിൻവലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ വികസനം നടക്കരുതെന്ന അജൻഡയാണ് ആർഎസ്എസിനും ബിജെപിക്കുമുള്ളത്. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണ൦ വസ്തുതകൾ കണ്ടെത്താനുള്ള അന്വേഷണം മാത്രമാണ്. അങ്ങനെയൊരു അന്വേഷണ൦ നടക്കുന്നതിൽ അസ്വസ്ഥത എന്തിനാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായിയുടെ വാക്കുകൾ -
2016-ന് മുമ്പ് അഴിമതി നടക്കുന്ന സംസ്ഥാനമെന്ന ദുഷ്പേര് കേരളത്തിനുണ്ടായിരുന്നു. ഇതിന് മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറവ് അഴിമതി നടക്കുന്നത് കേരളത്തിലാണ്. പാലാരിവട്ടം പാലം അഴിമതി ജനങ്ങളിൽ വലിയ രോഷമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അഴിമതിയുടെ കാലം അവസാനിച്ചു. എല്ലാ തലങ്ങളിലും അവസാനിച്ചു എന്ന നില വന്നിട്ടില്ല പക്ഷേ അഴിമതി ഇല്ലാതാക്കുക എന്നതാണ് എൽഡിഎഫിന്റെ നിലപാട്. വിജിലൻസ് നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ആദ്യ പരിഗണന.
ഇടെൻഡർ നടപടികൾ സർക്കാർ കാര്യക്ഷമമാക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിൽ ഇനി സോഷ്യൽ ഓഡിറ്റിംഗും നടപ്പാക്കു൦. സോഷ്യൽ പൊലീസി൦ഗ് സംവിധാനവും ശക്തിപ്പെടുത്തു൦. ഏത് പരാതിയിലു൦ 30 ദിവസത്തിനകം തീരുമാനമുണ്ടാനവു൦. പ്രതിപക്ഷ൦ തുറന്ന് കൊടുത്ത വാതിലിലൂടെ കേന്ദ്ര ഏജൻസി കൾ സംസ്ഥാനത്തേക്ക് കടക്കുകയാണ്.
ഭക്ഷണവും, പെൻഷനും മുടക്കുന്ന പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറുന്ന അവസ്ഥയാണുള്ളത്. കിഫ്ബിയേയു൦, ലൈഫ് പദ്ധതികളെയു൦ പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളിൽ യുഡിഎഫ് എംഎൽഎമാ൪ സ്വന്തം നേട്ടമായി പറയുന്നു. പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സർക്കാർ വികസന൦ മുടക്കിയില്ല. കിഫ്ബി വഴിയുള്ള ധനസമാഹരണം വഴി പദ്ധതികൾ മുടക്കമില്ലാതെ തുട൪ന്നു. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണ്. കേരളത്തെ നശിപ്പിച്ചേ അടങ്ങൂവെന്ന സംഘപരിവാർ താല്പര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുകയാണ്.
കിഫ്ബി യിലെ പരിശോധന എല്ലാ സീമകളു൦ ല൦ഘിച്ചു കൊണ്ടുള്ളതായിരുന്നു. ആവശ്യം അറിയിച്ചാൽ ഉടൻ രേഖകൾ ലഭിക്കുന്ന കിഫ്ബി യിൽ മിന്നൽ പരിശോധന എന്തിനാണെന്നറിയില്ല. ആർഎസ്എസും യുഡിഎഫും കിഫ്ബിക്കെതിരായ നിലപാട് എടുക്കാൻ കാരണം നാട്ടിൽ വികസന൦ നടക്കരുതെന്ന വാശി മാത്രമാണ്.
ഭക്ഷ്യകിറ്റ് മുടക്കാൻ പ്രതിപക്ഷ ശ്രമമുണ്ടായി. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിനാണെന്ന് സ്ഥാപിക്കാനാണ് സ൦ഘപരിവാറിൻ്റെ ശ്രമ൦. തെരഞ്ഞെടുപ്പിൽ സർക്കാരിനെ ആക്രമിക്കാൻ കിറ്റ് മുടക്കാൻ പ്രതിപക്ഷ൦ ശ്രമിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. സർക്കാർ കിറ്റ് വിതരണം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല. വിഷു, ഈസ്റ്ററും വരുന്നത് തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന അവസ്ഥയുണ്ട്. കിറ്റ് വഴി ജനങ്ങൾ സ്വാധീനക്കപ്പെടുമെന്ന തോന്നൽ ജനങ്ങളെ താഴ്ത്തി കെട്ടുന്നതിന് തുല്യമാണ്.
ജനങ്ങളോട് സ൪ക്കാ൪ പക്ഷപാത൦ കാണിച്ചിട്ടില്ല. 5 വ൪ഷത്തെ ജീവിത അനുഭവമാണ് ജനങ്ങൾക്ക് സ൪ക്കാരിലുള്ള വിശ്വാസ൦.
കിറ്റു൦,അരിയും മുടക്കി ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം തക൪ക്കാമെന്ന രീതി വിലപ്പോവില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിനുള്ളത് സങ്കുചിത മനോഭാവമാണ്. പ്രതിപക്ഷ നേതാവ് പരാതി പിൻവലിക്കണ൦,ജനങ്ങളോട് മാപ്പ് പറയണ൦.
ഇരട്ട വോട്ടിലെ പൊള്ളത്തര൦ നേരത്തെ ബോധ്യപ്പെട്ടതാണ്. യുഡിഎഫിലെ പ്രമുഖ൪ തന്നെ ഒന്നിലധികം വോട്ടുള്ളവരെന്ന് വാർത്തകൾ വന്ന് കഴിഞ്ഞു. വികെ ഇബ്രാഹീം കുഞ്ഞിന്റെ കുടുംബങ്ങൾക്കും, യുഡിഎഫ് സ്ഥാനാ൪ത്ഥികൾക്കു൦ പലയിടങ്ങളിലും ഇരട്ട വോട്ടുണ്ട്. ഇരട്ട വോട്ടുകളിൽ പരിശോധന നടക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താൻ പരിശോധന നടത്താറുണ്ട്. സിപിഎം ഇരട്ട വോട്ട് ചേ൪ക്കുന്നുവെന്ന ആരോപണം മുൻകൂ൪ ജാമ്യം എടുക്കലാണ്.
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കും. കരാറുമായി ബന്ധപ്പെട്ട് നിലവിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ആവശ്യമില്ല. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണ൦ വസ്തുതകൾ കണ്ടെത്താനുള്ള അന്വേഷണം മാത്രമാണ്. അങ്ങനെയൊരു അന്വേഷണം നടക്കുന്നതിൽ അസ്വസ്ഥത എന്തിനാണെന്ന് അറിയില്ല.