പിസി ചാക്കോ ഇടത് പക്ഷത്തേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും
നേരത്തെ സംസ്ഥാന എൻസിപി നേതാക്കളും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശന സൂചന നൽകിയിരുന്നു. ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചാക്കോ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നാണ് വിവരം.
ദില്ലി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പിസി ചാക്കോ ഇടത് പക്ഷത്തേക്കെന്ന് സൂചന. എൻസിപി വഴി ഇടതുമുന്നണി പ്രവേശനം നേടാനാണ് പിസി ചാക്കോയുടെ ശ്രമം. ഇതിന്റെ ഭാഗമായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ കോൺഗ്രസ് വിട്ട പിസി ചാക്കോ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളുയർന്നിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു. എന്നാൽ ഇടത് പക്ഷത്തേക്ക് പോകുമോ എന്നതിൽ വ്യക്തത നൽകിയിരുന്നുമില്ല.
നേരത്തെ സംസ്ഥാന എൻസിപി നേതാക്കളും അദ്ദേഹത്തിന്റെ എൻസിപി പ്രവേശന സൂചന നൽകിയിരുന്നു. പിസി ചാക്കോയെ കാണുമെന്നും ശരദ് പവാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരന്റെ പ്രതികരണം. ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പിസി ചാക്കോ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നാണ് വിവരം.