ഗ്രൂപ്പ് ഇല്ലാത്തവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല; രാജി വച്ചത് ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ട്: പി സി ചാക്കോ
താൻ കോൺഗ്രസിൽ നിന്ന് രാജി വച്ചത് വിലപേശലിനായല്ല, ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ടാണെന്നും പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലി: കേരളത്തിലെ കോൺഗ്രസ് എന്നാൽ ഗ്രൂപ്പ് മാത്രമാണെന്ന് പി സി ചാക്കോ. ഗ്രൂപ്പ് ഇല്ലാത്തവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല. താൻ കോൺഗ്രസിൽ നിന്ന് രാജി വച്ചത് വിലപേശലിനായല്ല, ആത്മസംതൃപ്തി നഷ്ടപ്പെട്ടതു കൊണ്ടാണെന്നും പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിന് പോലും മാനദണ്ഡം ഗ്രൂപ്പാണ്. സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് അറിവുള്ളത് പോലും ഗ്രൂപ്പ് നേതാക്കൾക്ക് മാത്രമാണ്. കോൺഗ്രസിന് മൂന്ന് രാജ്യസഭാ സീറ്റുകൾ നഷ്ടമായി. രാജ്യസഭാ സീറ്റുകൾ നഷ്ടമായതിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയാണെന്നും പി സി ചാക്കോ പറഞ്ഞു.
അതേസമയം, ചാക്കോയുടെ രാജി ദൗർഭാഗ്യകരമാണെന്ന് കെപിസിസി പ്രതികരിച്ചു. ഇത് ചാക്കോ വൈകാരികമായിട്ട് എടുത്ത തീരുമാനമായിട്ടാണ് കരുതുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തീരുമാനം പുന:പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മുല്ലപ്പള്ളി പ്രതികരിച്ചു.