'സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കുന്ന രീതിയില്ല', സിഒടി നസീർ-ബിജെപി വോട്ടിൽ പ്രതികരിച്ച് ജയരാജൻ
സ്വതന്ത്ര സ്ഥാനാർത്ഥിയെ കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും ഏതെങ്കിലും സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കുന്ന രീതി എനിക്കില്ലെന്നും ജയരാജൻ പ്രതികരിച്ചു.
കണ്ണൂർ: തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ ബിജെപി പിന്തുണ നിരസിച്ച സംഭവത്തിൽ പ്രതികരിച്ച് പി ജയരാജൻ. ഏതെങ്കിലും സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കുന്ന രീതി തനിക്കില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെ കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.
ബിജെപി-കോൺഗ്രസ് സഖ്യമാണ് തലശ്ശേരിയിലുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി ഷംസീറിനെ വിജയിപ്പിക്കുന്നതിലാണ് തന്റെ പ്രവർത്തനം. സി ഒ ടി നസീർ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനെ താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളി സ്വന്തം പാർട്ടിയുടെ കാര്യം ആദ്യം നോക്കട്ടെയെന്ന് പറഞ്ഞ ജയരാജൻ, സ്വന്തം പാർട്ടിക്കുള്ളിലെ തമ്മിലടി മറച്ച് വയ്ക്കാനാണ് സിപിഎമ്മിനകത്ത് പ്രശ്നം ഉണ്ടെന്ന ആരോപണമുന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.
തലശ്ശേരിയിൽ ബിജെപിയോട് പിന്തുണ ആവശ്യപ്പെട്ട നസീറിനെ പിന്തുണക്കുമെന്ന് ബിജെപി നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നിരസിച്ച നസീർ, ബിജെപിയുടെ പരസ്യ പിന്തുണ തന്റെ ഒപ്പമുള്ളവരെ തളർത്തിയെന്നും പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴയായിരുന്നുവെന്നും പ്രഖ്യാപിക്കുകയായിരുന്നു.