'ഷാജിയുടെ വെല്ലുവിളി ജനങ്ങളോട്'; അവര്‍ തന്നെ മറുപടി നല്‍കും, വിമര്‍ശനവുമായി പി ജയരാജന്‍
കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെയും അതിന് മുമ്പ് പ്രകാശൻ മാസ്റ്ററെയും പരാജയപ്പെടുത്തിയാണ് കെഎം ഷാജി അഴീക്കോട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയത്. ഇക്കുറി ഷാജി ഇവിടെ മത്സരിക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ.
കണ്ണൂര്‍: സുരക്ഷിത മണ്ഡലം തേടിപ്പോകില്ലെന്ന കെ എം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെ വിമര്‍ശനവുമായി പി ജയരാജന്‍. തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കോടതി ആറ് വർഷത്തേക്ക് അയോഗ്യത കല്പിച്ച ആളാണ് പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നതെന്നായിരുന്നു ജയരാജന്‍റെ വിമര്‍ശനം. "ആരുണ്ടിവിടെ കാണട്ടെ" എന്ന മട്ടിലുള്ള ഈ വീരവാദം ജനങ്ങളോടും കൂടിയാണ്. ഷാജി അഴിമതി നടത്തി പണം സ്വന്തം കീശയിലാക്കി എന്നത് ലീഗുകാരാണ് തുറന്ന് പറഞ്ഞത്. മൊത്തത്തിൽ കുടുങ്ങി നിൽക്കുന്ന ഷാജിയുടെ വെല്ലുവിളിക്ക് ജനം മറുപടി നൽകുമെന്നും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെയും അതിന് മുമ്പ് പ്രകാശൻ മാസ്റ്ററെയും പരാജയപ്പെടുത്തിയാണ് കെഎം ഷാജി അഴീക്കോട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയത്. ഇക്കുറി ഷാജി ഇവിടെ മത്സരിക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസ് വിജിലൻസ് അന്വേഷിച്ച് വരികയാണ്. ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഖമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ ഷാജിയും അറസ്റ്റിലാകുമെന്ന പ്രചാരണം സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത് അഴീക്കോടെ ജയത്തിന് തടസ്സമാകുമെന്ന് ഷാജിക്ക് ആശങ്കയുണ്ടായിരുന്നു.
ഇതോടെയാണ് കണ്ണൂർ മണ്ഡലവുമായി അഴീക്കോട് വച്ച്മാറാനുള്ള ശ്രമം എംഎൽഎ നടത്തിയെങ്കിലും സതീശൻ പാച്ചേനി ഉടക്കിടുകയായിരുന്നു. കാസർകോടെ ഒരു സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കവും പാളി അഴീക്കോടെല്ലാതെ മറ്റ് സാധ്യതകൾ ഇല്ലെന്ന വന്നതോടെയാണ് രണ്ടും കൽപ്പിച്ചിറങ്ങാൻ ഷാജി തയ്യാറായത്. ഷാജിക്ക് മാത്രമേ അഴീക്കോട് വിജയസാധ്യതയുള്ളൂ എന്നാണ് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രാദേശിക നേതൃത്വം യുഡിഎഫ് നേതാക്കളെ അറിയിച്ചത്. ഒരിക്കൽ കൂടി കെഎം ഷാജി എന്ന പോസ്റ്ററുകൾ ലീഗ് അണികൾ പ്രചരിപ്പിച്ച് തുടങ്ങിയത് ഷാജിയുടെ മൗനാനുവാദത്തോടെയാണ്.