യുഡിഎഫ് തല്ലിപ്പൊളിക്കൂട്ടമെന്ന് പി ജയരാജൻ; കെ സുധാകരന് നേതാവാകാൻ കഴിയാത്തതിന്‍റെ നിരാശ
ഇരിക്കൂറടക്കം കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ തമ്മിലടിയായിരിക്കും യുഡിഎഫിന്‍റെ തോൽവിക്ക് കാരണമാകുകയെന്ന് പി ജയരാജൻ
കണ്ണൂര്‍: സംസ്ഥാനത്തെ യുഡിഎഫ് തല്ലിപ്പൊളിക്കൂട്ടമാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഇരിക്കൂറടക്കം കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ തമ്മിലടിയായിരിക്കും യുഡിഎഫിന്‍റെ തോൽവിക്ക് കാരണമാകുകയെന്നും പി ജയരാജൻ പ്രതികരിച്ചു. കെ സുധാകരനെ പോലെ മുതിർന്ന നേതാവിന് പോലും സ്ഥാനാർത്ഥി പട്ടികക്ക് എതിരെ പരസ്യമായി പ്രതികരിക്കേണ്ടി വന്നെന്നും പി ജയരാജൻ പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഐക്യജനാധിപത്യ മുന്നണിയാണെന്നുമുള്ള ചെന്നിത്തലയുടെ അഭിപ്രായം ജനം പരിഹസിച്ച് തള്ളും . ബിജെപി ആര്‍എസ്എസ് അന്തര്‍ധാര എന്ന നുണ സിപിഎമ്മിനെതിരെ പ്രചരിപ്പിക്കാനാണ് ശ്രമം. കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങൾ കോൺഗ്രസുകാരെ മടുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാണെന്നും പി ജയരാജൻ പറഞ്ഞു.
മാർക്സിസ്റ്റ് വിരോധത്തിന്‍റെ മുൻപന്തിയിലുള്ള കെ സുധാകരൻ പോലും നിരാശനാണ്. കെപിസിസി പ്രസിഡന്‍റ് സ്ഥാനം കിട്ടാത്തതിന്‍റെ നിരാശയുണ്ട് കെ സുധാകരന്. എല്ലാം കൂടിയാണ് അതിരൂക്ഷ പ്രതികരണത്തിന് കളമൊരുക്കിയതെന്നും പി ജയരാജൻ പറഞ്ഞു. കെ സി വേണുഗോപാലിന്‍റെ നോമിനിയാണ് ഇരിക്കൂരിൽ നിർദ്ദേശിച്ച സ്ഥാനാർത്ഥി. സോണിയയെയും രാഹുൽ ഗാന്ധിയേയും പോലും സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി കോൺഗ്രസിനകത്തെ മറ്റൊരു അധികാരസ്ഥാനമായി കെ സി വേണുഗോപാൽ മാറിക്കഴിഞ്ഞിട്ടുണ്ടെന്നും പി ജയരാജൻ പ്രതികരിച്ചു
ഇരിക്കൂറടക്കം കോൺഗ്രസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ തമ്മിലടിയായിരിക്കും യുഡിഎഫിന്‍റെ തോൽവി