'സത്യം പുറത്തു വന്നു, നിരപരാധിത്വം തെളിയുന്നതിൽ സന്തോഷം', സോളാർ കേസിൽ പ്രതികരിച്ച് ഉമ്മൻചാണ്ടി
ആ വിശ്വാസം ശരിയെന്നും വന്നു. ചില സമയത്ത് സത്യം പുറത്ത് വരാനും തെളിയാനും തിരിച്ചറിയാനും സമയമെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പാലക്കാട്: സോളാർ കേസിൽ നിരപരാധിത്വം തെളിയുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു കുഴപ്പവും വരില്ലെന്നാണ് ഞാൻ വിശ്വസിച്ചത്. സത്യം പുറത്തു വന്നു. ആ വിശ്വാസം ശരിയെന്നും വന്നു. ചില സമയത്ത് സത്യം പുറത്ത് വരാനും തെളിയാനും തിരിച്ചറിയാനും സമയമെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആ സമയത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാൻ പോലും പലരും പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
ആഴക്കടൽ വിഷയമടക്കം യുഡിഎഫ് ഉന്നയിച്ചിട്ടുള്ളതെല്ലാം സത്യവും യാഥാർത്ഥ്യവുമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചതെല്ലാം ആദ്യം നിസാരവത്ക്കരിക്കാനും പിന്നീട് നിഷേധിക്കാനും അതിന് ശേഷം രമേശിനെ അപമാനിക്കാനുമാണ് എൽഡിഎഫ് ശ്രമിച്ചത്. എല്ലാം സത്യമെന്ന് പിന്നീട് തെളിഞ്ഞു. ന്യായീകരിക്കാനും മാപ്പുസാക്ഷിയാകാനും ഉദ്യോഗസ്ഥരെ ബലിയാടാക്കാനുമാണ് അവർ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ആഴക്കടൽ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന ആളല്ല താനെന്നായിരുന്നു സംസ്ഥാനത്തേക്കുള്ള മടങ്ങിവരവിനേക്കുറിച്ചുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. തീരുമാനം ഹൈക്കമാൻ്റ് എടുക്കും. എന്റെ പേരിൽ പേരിൽ ഒരു പ്രശ്നവും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.