"ബിജെപി പ്രവര്‍ത്തന ശൈലി മാറ്റണം"; സിപിഎം ബന്ധത്തിൽ ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ
ഏതായാലും ജയിക്കാൻ പോകുന്നില്ല അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കണം എന്ന് കരുതിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതൊന്നും ഇപ്പോഴില്ലെന്ന് ഒ രാജഗോപാൽ
കോഴിക്കോട്: അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രവര്‍ത്തന ശൈല മാറ്റണമെന്ന് ഒ രാജഗോപാൽ. കേന്ദ്രത്തിൽ അധികാരത്തിലിക്കുന്ന പാര്‍ട്ടി എന്ന നിലയിൽ പ്രവര്‍ത്തന ശൈലിയിൽ മാറ്റം അനിവാര്യമാണ്. വെറുതെ കുറ്റം പറയുകയും ആരോപണങ്ങൾ ഉന്നയിക്കുകയും മാത്രം ചെയ്താൽ പോര. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ചുമതല കൂടി ബിജെപിക്കുണ്ട്. അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ബിജെപി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും ഒ രാജഗോപാൽ കോഴിക്കോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി സിപിഎം ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികൻ ഡോ. ആര്‍ ബാലശങ്കറിന്‍റെ ആരോപണം ഒ രാജഗോപാൽ പാടെ തള്ളി. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു ഓര്‍ഗനൈസര്‍ മുൻ എഡിറ്റര്‍ കൂടിയയ ബാലശങ്കറിന്‍റെ ആരോപണം. എന്നാലിതിൽ ഒരു വസ്തുതയും ഇല്ലെന്നാണ് ഒ രാജഗോപാൽ പ്രതികരിച്ചത്. ജയിക്കാൻ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് സംസ്ഥാന ബിജെപി.
ബാലശങ്കറിനെ നേരത്തെ തന്നെ അറിയാം. വ്യക്തിപരമായി അടുത്ത ബന്ധമുള്ള ആളാണ്. ബിജെപിക്ക് ആരുമായും കൂട്ടുകെട്ടില്ല. ഒരു കാലഘട്ടത്തിൽ ഏതായാലും ജയിക്കാൻ പോകുന്നില്ല അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കണം എന്ന് കരുതുകയും അതിനനുസരിച്ച് ചിലയിടങ്ങളിലെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതൊന്നും ഇപ്പോഴില്ല. ബിജെപി ജയിക്കാനാണ് മത്സരിക്കുന്നതെന്നും ഒ രാജഗോപാൽ ആവര്‍ത്തിച്ചു.
ഡോ . ആര്‍ ബാലങ്കറിന്‍റെ ആരോപണം വലിയ ചര്‍ച്ചക്കാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് വഴിയൊരുക്കിയിട്ടുള്ളത്.