കോ- ലീ - ബി സഖ്യമുണ്ടായിട്ടുണ്ട്, ബാലശങ്കറിന്‍റെ ആരോപണം അസംബന്ധമെന്നും ഒ രാജഗോപാൽ
" പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത് " ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ടെന്ന് രാജഗോപാൽ വെളിപ്പെടുത്തി
കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നും രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതൽ, സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നാണ് മുതിർന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
91ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഉയര്‍ത്തിവട്ടതും എന്നാല്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം പാടെ നിഷേധിച്ചതുമായ ആരോപണമാണ് കേരളത്തിലെ ഏറ്റവും മുതര്‍ന്ന ബിജെപി നേതാവായ ഒ രാജഗോപാല്‍ സ്ഥിരീകരിക്കുന്നത്. സിപിഎം അതിക്രമങ്ങള്‍ കൂടുതലുളള പ്രദേശങ്ങളിലായിരുന്നു ഇത്തരം കൂട്ടുകെട്ട് ഏറെയെന്നും പാർട്ടിക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ മറ്റ് പ്രദേശങ്ങളിലും ഇത്തരം സഖ്യമുണ്ടായിട്ടുണ്ടെന്നും രാജഗോപാൽ സമ്മതിച്ചു. പ്രാദശിക തലത്തിലുളള ധാരണ നേതൃത്വത്തിന്‍റെ അനുമതിയോടെയായിരുന്നു.
'പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്‌ജസ്റ്റ്മെന്റ് വേണ്ടി വരും. അഡ്‌ജസ്റ്റ്മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല', രാജഗോപാൽ പറയുന്നു.
എൽഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാൽ പറയുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നാണ് രാജഗോപാൽ പറയുന്നത്.
താൻ ജയിച്ച നേമം മണ്ഡലത്തിൽ കെ മുരളീധരൻ ശക്തനായ സ്ഥാനാർത്ഥി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.