എതിര്‍പ്പ് ശക്തമാക്കി സമസ്ത; മുസ്ലീം വനിതാ സ്ഥാനാര്‍ത്ഥിയില്ലാതെ ലീഗ്, വനിതാ നേതാക്കള്‍ക്ക് നിരാശ
മുസ്ലീം ലീഗിന്‍റെ പ്രധാന വോട്ടുബാങ്കായ സമസ്തയുടെ കടുത്ത എതിര്‍പ്പ് തന്നെയാണ് മുൻകാലങ്ങളിലും മുസ്ലീം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് തടസമായത്.
കോഴിക്കോട്: സമസ്ത എതിര്‍പ്പ് ശക്തമാക്കിയതോടെ മുസ്ലീം വനിതാ നേതാക്കളുടെ സ്ഥാനാര്‍ത്ഥി മോഹം മുസ്ലീം ലീഗില്‍ ഇത്തവണയും മങ്ങി. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥി സംഘടനയായ ഹരിത ഫാത്തിമ തെഹലിയയുടെ പേരും നിര്‍ദ്ദേശിച്ചു. മുസ്ലീം വനിതയെ മത്സരിപ്പിക്കരുതെന്ന നിലപാട് സമസ്ത കടുപ്പിച്ചതോടെ ഇ പേരുകളൊക്കെ ചര്‍ച്ചചെയ്യാൻ പോലും നില്‍ക്കാതെ ലീഗ് നേതൃത്വം ഒഴിവാക്കി. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.
മുസ്ലീം ലീഗിന്‍റെ പ്രധാന വോട്ടുബാങ്കായ സമസ്തയുടെ കടുത്ത എതിര്‍പ്പ് തന്നെയാണ് മുൻകാലങ്ങളിലും മുസ്ലീം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് തടസമായത്. സമസ്തയെ പിണക്കാതെ വനിതാ പ്രാതിനിധ്യമുറപ്പിക്കാനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ഇതാണ് വനിതാ ലീഗ് ദേശീയ സെക്രട്ടറിയായ ജയന്തി രാജന് അനുകൂലമാവുന്നത്. സമസ്തയുടെ എതിര്‍പ്പിന്‍റെ പേരില്‍ സ്ഥിരമായി തഴിയുന്നതില്‍ മുസ്ലീം വനിതാ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പ്രതികരണം അതിനുശേഷമാവാമെന്നും പ്രമുഖ വനിതാ ലീഗ് നേതാവ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു.