സിപിഎമ്മിന് പരാജയഭീതി, അക്രമം അഴിച്ചുവിടുന്നു; യുഡിഎഫിന് ആശ്വാസകരമായ ഭൂരിപക്ഷം കിട്ടും: എൻകെ പ്രേമചന്ദ്രൻ

അധോലോക സംഘങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ച് നടപ്പാക്കുന്ന കൊലപാതകം പോലെയാണ് സിപിഎം അക്രമം. അധോലോക സാമൂഹ്യവിരുദ്ധ ശക്തികൾ സിപിഎമ്മിൽ പിടിമുറക്കുന്നു

NK Premachandran accuses CPIM for spreading violence across state

ദില്ലി: സംസ്ഥാനത്ത് പരാജയ ഭീതി കാരണം സിപിഎം അഴിച്ചുവിടുന്നുവെന്ന് ആർഎസ്‌പി നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് ആശ്വാസകരമായ ഭൂരിപക്ഷം നേടി അധികാരത്തിൽ വരും. പ്രത്യേകമായ തരംഗം ഇല്ലാത്ത സ്ഥിതിയാണ്. തരംഗമുണ്ടെങ്കിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അധോലോക സംഘങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ച് നടപ്പാക്കുന്ന കൊലപാതകം പോലെയാണ് സിപിഎം അക്രമം. അധോലോക സാമൂഹ്യവിരുദ്ധ ശക്തികൾ സിപിഎമ്മിൽ പിടിമുറക്കുന്നു. ഐക്യജനാധിപത്യ മുന്നണി ടീം യുഡിഎഫ് നിലയിൽ പ്രചാരണം നടത്തി. കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണവും നടന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തത് ആവേശം വർധിപ്പിച്ചു. എൽഡിഎഫിന്റെ പ്രചാരണം പിണറായിയിൽ കേന്ദ്രീകരിച്ചും പിണറായി വിജയനെന്ന വ്യക്തിയെ മഹത്വവത്കരിച്ചുമാണ് നടന്നത്.

കണ്ണേ കരളേ എന്ന് വിഎസിനെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചതിനെ പ്രതിരോധിച്ചയാളാണ് പിണറായി വിജയൻ. വ്യക്തിപൂജയ്ക്ക് എതിരെ ശക്തമായ നിലപാട് അദ്ദേഹം അന്ന് സ്വീകരിച്ചു. വിഎസിനെ ശാസിച്ചത് ഇതിന്റെ പേരിലാണ്. പിണറായിയെ വ്യക്തിപൂജ നടത്തിയത് ഇടത് മനസുകളിൽ അസംതൃപ്തി ഉണ്ടാക്കി. ഇടതുമനസിൽ നിന്ന് വോട്ട് ചോർച്ചയുണ്ടായെന്നത് തള്ളിക്കളയാനാവില്ല. ഇപി ജയരാജന്റെയും പി ജയരാജന്റെയും പ്രതികരണം ഇതിന്റെ തെളിവ്. പരസ്യമായി പ്രതികരിച്ചവർ പ്രതികരണം രഹസ്യമായി ബാലറ്റിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും എംപി പറഞ്ഞു.

സിപിഎമ്മിന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. അഞ്ച് വർഷത്തെ ഇടത് ഭരണത്തിനപ്പുറത്ത് യുഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയ്ക്ക് വലിയ സ്വീകാര്യത ജനങ്ങളിൽ നിന്ന് ലഭിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥി പട്ടിക പുതുതലമുറയ്ക്ക് കഴിവും മികവും നൽകി. ഇത് നേട്ടമായി. 

എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ സൈബർ അതിക്രമം നടക്കുന്നു. അദ്ദേഹം തന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. അതിന് കേരളത്തിന്റെ നിയമ മന്ത്രി തന്നെ സുകുമാരൻ നായർക്കെതിരെ പരാതി നൽകുന്നു. എന്ത് നിയമലംഘനമാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ഉണ്ടായത്? സുകുമാരൻ നായർ പറഞ്ഞത് ചട്ടലംഘനമെങ്കിൽ മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് അഭിപ്രായമെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കണം. മുഖ്യമന്ത്രി പറഞ്ഞത് ഗുരുതരമായ ചട്ടലംഘനമല്ലേ. ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ജനത്തെ സ്വാധീനിക്കാൻ പിണറായി പരിശ്രമിച്ചു. തങ്ങൾക്ക് അനിഷ്ടമായ പരാമർശം നടത്തുന്നവരെ വ്യക്തിപരമായി കടന്നാക്രമിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിലപ്പോവില്ല. കേരളത്തിൽ ജനാധിപത്യം നിലനിൽക്കണം. അതുകൊണ്ട് പിണറായിയുടെ തുടർ ഭരണം അസഹ്യമായിരിക്കുമെന്ന് ജനം കരുതുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios