സജീവ ചർച്ചയായി നേമം; എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് വി ശിവൻകുട്ടി

 നേമം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാവ് വി ശിവൻകുട്ടി. കുമ്മനത്തിന്‍റെ ഗുജറാത്ത് പരാമർശം സജീവ ചർച്ചയാക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. 

Nemam as an active discussion V Sivankutty says LDF will get it back

തിരുവനന്തപുരം: നേമം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാവ് വി ശിവൻകുട്ടി. കുമ്മനത്തിന്‍റെ ഗുജറാത്ത് പരാമർശം സജീവ ചർച്ചയാക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. വർഗീയ കലാപങ്ങൾ നടത്തി പരിചയമുള്ളയാളാണ് കുമ്മനം രാജശേഖരൻ എന്ന ആക്ഷേപവുമായി തുടക്കത്തിലെ കടന്നാക്രമിക്കുകയാണ് വി ശിവൻകുട്ടി.

കേരളം മാത്രമല്ല അങ്ങ് ദില്ലി വരെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ഇങ്ങ് തെക്കുള്ള നേമം. രാജഗോപാലിന്‍റെ പിന്ഗാമിയായി കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഇനി അറിയേണ്ടത് എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെ പ്രതിയോഗികളെയാണ്. തെരഞ്ഞെടുപ്പിലേക്ക് ചുവടുറപ്പിക്കുന്നതിന് മുന്നെ മുൻ എംഎൽഎ വി ശിവൻകുട്ടി ഉയർത്തുന്നത് നേമം ഗുജറാത്താണെന്ന കുമ്മനം രാജശേഖരൻറെ പ്രസ്താവനയാണ്.

മുപ്പതിനായിരത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് എൽഡിഎഫ് നീക്കങ്ങൾ. 2016ൽ 8671വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഒ രാജഗോപാൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തുന്നത്. യു‍ഡിഎഫ് സ്ഥാനാർത്ഥി ആകെ പിടിച്ചത് 13,860വോട്ടുകൾ. ഇത്തവണ ഉമ്മൻചാണ്ടിയടക്കം വൻ പേരുകൾ ആദ്യമെ ചർച്ചക്കെത്തിയതും മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരെ ഉണർത്തിയിട്ടുണ്ട്.

എൽഡിഎഫിൽ വി ശിവൻകുട്ടിയുടെ പേരാണ് പ്രധാനമായും സിപിഎം ചർച്ചചെയ്യുന്നത്. വിജയൻ തോമസ്, ജിവി ഹരി തുടങ്ങിയ പേരുകൾ ചർച്ചയിൽ ഉണ്ടെങ്കിലും വൻ നേതാക്കൾ തന്നെ നേമത്തിറങ്ങണമെന്ന ചർച്ചകളും സജീവം. ഉമ്മൻ ചാണ്ടിയിൽ തുടങ്ങി മുൻ സ്പീക്കർ എൻ ശക്തനിലേക്ക് വരെ എത്തിനിൽക്കുന്നു ഒടുവിലത്തെ കോണ്‍ഗ്രസ് ചർച്ചകൾ. ഗുജറാത്ത് വിവാദം, ഉമ്മൻചാണ്ടിയെത്തുമെന്ന അഭ്യൂഹങ്ങൾ.140 മണ്ഡലങ്ങളിൽ ഇപ്പോഴെ സജീവ ശ്രദ്ധയിലേക്ക് എത്തുകയാണ് നേമം.


2016 നിയമസഭാ തെരഞ്ഞെടുപ്പ്

എൻഡിഎ- 67,813
എൽഡിഎഫ്-59,142
യുഡിഎഫ്- 13,860

2019 ലോകസഭാ തെരഞ്ഞെടുപ്പ്

എൻഡിഎ-58,513
യുഡിഎഫ്-46,472
എൽഡിഎഫ്-33,921

Latest Videos
Follow Us:
Download App:
  • android
  • ios