വട്ടിയൂര്‍കാവിൽ യുഡിഎഫ് കരുതി പ്രവര്‍ത്തിച്ചില്ലെങ്കിൽ ദു:ഖിക്കേണ്ടി വരും; മുല്ലപ്പള്ളി
ശബരിമല നിയമ നിര്‍മ്മാണം നടത്തണമെങ്കിൽ അത് പാര്‍ലമെന്‍റിലാകാമല്ലോ ? ബിജെപി അതിന് തയ്യാറുണ്ടോ എന്ന് മുല്ലപ്പള്ളി.
തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 2016 ൽ നാൽപതിനായിരത്തിൽ ഏറെ വോട്ടുകൾ ഉണ്ടായിരുന്ന ബിജെപി ക്ക് ഉപതെരഞ്ഞെടുപ്പിൽ അത് ഇരുപത്തി എട്ടായിരത്തിലേക്ക് ചുരുങ്ങി. കുറഞ്ഞ വോട്ട് മുഴുവൻ സിപിഎമ്മിനാണ് കിട്ടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവിൽയുഡിഎഫ് പ്രവർത്തകർ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കിൽ ദു:ഖിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ പ്രകടന പത്രിക ജനങ്ങളെ വഞ്ചിക്കുന്നതാണ്. പെട്രോളിയം വർധന ഇത്രയും ആകാൻ ഉണ്ടായ സാഹചര്യം എന്തെന്ന് ആദ്യം ബിജെപി വിശദീകരിക്കട്ടെ. ശബരിമലയിൽ നിയമ നിര്‍മ്മാണം നടത്തുമെന്ന് പറയുന്നു. ശബരിമല നിയമ നിര്‍മ്മാണം നടത്തണമെങ്കിൽ അത് പാര്‍ലമെന്‍റിലാകാമല്ലോ ? ബിജെപി അതിന് തയ്യാറുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു.
പട്ടിണിപ്പാവങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ യുഡിഎഫോ കോൺഗ്രസോ എതിരല്ല. പക്ഷെ വിഷു കിറ്റിന്‍റെ പേര് പറഞ്ഞ് സംസ്ഥാനത്ത് നടക്കുന്നത് അധാര്‍മ്മിക നടപടിയാണ്. വിഷുവിന്‍റെ പേര് പറഞ്ഞ് കിറ്റ് നേരത്തെ കൊടുക്കുന്നത് അധാർമ്മികമാണ്. വോട്ടർമാരെ വോട്ട് ബാങ്ക് എന്നതിന് അപ്പുറം ബഹുമാനം കൊടുക്കാൻ ഈ സർക്കാരിന് ആയില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു