ലതികയ്ക്ക് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥ; വാളയാർ അമ്മയെ പിന്തുണക്കുന്ന കാര്യം ആലോചിക്കും: മുല്ലപ്പള്ളി
ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുമായി ഗൂഡാലോചന നടത്തി. ലതിക കോൺഗ്രസ് പാർട്ടിക്ക് മുറിവുണ്ടാക്കി. ഈ തിരക്കഥയിൽ സിപിഎമ്മിന് പങ്കുണ്ട്. മാപ്പ് അർഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തത്. സിപിഎമ്മിന്റെ തിരക്കഥയായിരുന്നു ലതികയുടെ സ്ഥാനാർത്ഥിത്വം. വാളയാർ അമ്മയ്ക്ക് ധർമ്മടത്ത് പിന്തുണ കൊടുക്കണോയെന്ന് പാർട്ടി നേതാക്കളുമായി ആലോചിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റേത് കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ്. പി സി ചാക്കോയുടെ മുന്നണി മാറ്റത്തിൽ 'പോകാൻ തീരുമാനിച്ചാൽ മറ്റ് മാർഗ്ഗമില്ല' എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഏത് പാർട്ടിയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്നം പാർട്ടി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.