പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശം; ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുത്ത് മാത്രം തീരുമാനമെന്ന് മുല്ലപ്പള്ളി
പി സി ജോര്‍ജ് സുഹൃത്താണ്. എന്നാല്‍ ദൂതന്‍ വഴിയോ നേരിട്ടോ താനുമായി അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ഒന്നും ചെയ്യില്ല.
പി സി ജോര്‍ജ് സുഹൃത്താണ്. എന്നാല്‍ ദൂതന്‍ വഴിയോ നേരിട്ടോ താനുമായി അദ്ദേഹം സംസാരിച്ചിട്ടില്ല. അതേസമയം, മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കാപ്പന്‍റെ വരവ് സംബന്ധിച്ചുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാനാവില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
നേതാക്കളുടെ മക്കള്‍ എന്നത് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തടസ്സമല്ലെന്നും കഴിവുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കാതിരുന്നത് വലിയ തെറ്റാണ്. ഇക്കുറി ആ തെറ്റ് തിരുത്തും. യുവാക്കളും യുവതികളും ഉള്‍പ്പെടുന്നതാവും ഇക്കുറി പട്ടിക. കോണ്‍ഗ്രസിന്‍റേത് സമതുലിതമായ ലിസ്റ്റാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.