മുടി മുറിച്ചിറങ്ങിയ ലതികാ സുഭാഷ്, പ്രത്യാശ ഇല്ലെന്ന സുധാകരന്‍റെ തുറന്നുപറച്ചില്‍; കോണ്‍ഗ്രസ് പ്രതിരോധത്തില്‍
പ്രത്യാശ നഷ്ടപ്പെട്ടെന്ന കെ സുധാകരന്‍റെ വിമർശനം നിർണ്ണായക പോരാട്ടം നടത്തുന്ന കോൺഗ്രസ്സിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം: ഇപ്പോഴല്ലെങ്കിൽ പിന്നെ ഭരണം പിടിക്കാനാകില്ലെന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങുന്ന കോൺഗ്രസ് ഓരോ ദിവസവും നേരിടുന്നത് പുതിയ പ്രതിസന്ധികൾ. മുടി മുറിച്ച് പാർട്ടി ഓഫീസിൽ നിന്നും കരഞ്ഞിറങ്ങിയ ലതികാ സുഭാഷ് മുതല്‍ പ്രത്യാശ ഇല്ലെന്ന് തുറന്നടിച്ച കെ സുധാകരന്‍റെ പ്രസ്താവന വരെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. പ്രത്യാശ നഷ്ടപ്പെട്ടെന്ന കെ സുധാകരന്‍റെ വിമർശനം നിർണ്ണായക പോരാട്ടം നടത്തുന്ന കോൺഗ്രസ്സിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
പട്ടികയെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ മുമ്പും പതിവാണെങ്കിലും ഹൈക്കമാൻഡിനെ വരെ കുറ്റപ്പെടുത്തിയുള്ള വിമർശനം വരുന്നത് അസാധാരണമാണ്. പ്രധാന വില്ലൻ കെ സി വേണുഗോപാലെന്ന കെ സുധാകരന്‍റെ വിമർശനം സംസ്ഥാനത്തെ പല നേതാക്കൾക്കുമുണ്ട്. ഹൈക്കമാൻഡ് പ്രതിനിധി എന്ന നിലയിൽ കെ സി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ച് പല സ്ഥാനാർത്ഥികളെ വേണുഗോപാൽ ഇറക്കിയെന്നാണ് ആക്ഷേപം. സീറ്റ് മോഹിച്ച് നഷ്ടപ്പെട്ട എ-ഐ ഗ്രൂപ്പുകളിലെ പലരോടും ഇടപെട്ടത് കെസിയാണെന്ന് പറഞ്ഞ് രമേശും ഉമ്മൻചാണ്ടിയും കയ്യൊഴിയുന്നമുണ്ട്.
എന്നാൽ വേണുഗോപാലിനെയും സുധാകരനെയും വിമർശിക്കാതെ പട്ടികയെ പുകഴ്ത്തുകയാണ് സംസ്ഥാന നേതൃത്വം. സ്ഥാനാർത്ഥി പട്ടിക വിപ്ലവം ഉണ്ടാക്കുന്നതാണെന്ന് ചെന്നിത്തലയും പട്ടിക മികച്ചതെന്ന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും പ്രതികരിച്ചു.