നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ
കാപ്പൻ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസിൽ ചേരും എന്ന തരത്തിലുള്ള പ്രചാരണത്തിന് അവസാനമാകുകയാണ്.
തിരുവനന്തപുരം: എൻസിപിയിൽ നിന്നും എൽഎഡിഎഫിൽ നിന്നും പുറത്തു വന്ന് യുഡിഎഫിൽ ചേര്‍ന്ന മാണി സി കാപ്പൻ പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എൻസികെ) എന്നാണ് കാപ്പൻ്റെ പുതിയ പാര്‍ട്ടിയുടെ പേര്. തിരുവനന്തപുരത്ത് വച്ചാണ് കാപ്പൻ തൻ്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. കാപ്പൻ തന്നെയാവും പാര്‍ട്ടിയുടെ പ്രസിഡൻ്റ്.
കാപ്പൻ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസിൽ ചേരും എന്ന തരത്തിലുള്ള പ്രചാരണത്തിന് അവസാനമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനടക്കം കോണ്‍ഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കോണ്‍ഗ്രസ് അംഗത്വം നൽകി കൈപ്പത്തി ചിഹ്നത്തിൽ മാണി സി കാപ്പനെ പാലായിൽ മത്സരിപ്പിക്കണം എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു.
സ്വന്തം പാര്‍ട്ടിയുമായി യുഡിഎഫിൽ ഘടകകക്ഷിയായി ചേരാനാണ് കാപ്പൻ താത്പര്യപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പാലായിൽ ജയിക്കാനാവില്ലെന്ന് കാപ്പൻ മുല്ലപ്പള്ളിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകക്ഷിയായി യുഡിഎഫിൽ ചേരണമെന്ന കാപ്പൻ്റെ ആഗ്രഹത്തെ പിന്തുണച്ചിരുന്നു.
പുതിയ പാര്‍ട്ടിയെ ഘടകക്ഷിയായി ഉൾപ്പെടുത്തണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ അനുവദിക്കണമെന്നും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററോട് പാര്‍ട്ടി വിട്ടു വരേണ്ട എന്നാവശ്യപ്പെട്ടെന്നും മുതിര്‍ന്ന നേതാവിനെ ഇവിടെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതിനാലാണ് അങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും കാപ്പൻ പറഞ്ഞു.