'തൃത്താലയും കളമശ്ശേരിയും തിരിച്ച് പിടിക്കും', പ്രതികരിച്ച് എംബി രാജേഷും പി രാജീവും
തൃത്താല ഇടത് മുന്നണി തിരിച്ചുപിടിക്കുമെന്നും വിവാദങ്ങൾക്കൊന്നും സ്ഥാനമില്ലെന്നും എംബി രാജേഷ് പറഞ്ഞു. കളമശ്ശേരി യുഡിഎഫിൽ നിന്നും തിരിച്ചു പിടിക്കുമെന്ന് പി രാജീവും പ്രതികരിച്ചു.
പാലക്കാട്: സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാല പ്രതികരിച്ച് സിപിഎം തൃത്താല, കളമശ്ശേരി സ്ഥാനാർത്ഥികളായ എംബി രാജേഷും പി രാജീവും. തൃത്താല ഇടത് മുന്നണി തിരിച്ചുപിടിക്കുമെന്നും വിവാദങ്ങൾക്കൊന്നും സ്ഥാനമില്ലെന്നും എംബി രാജേഷ് പറഞ്ഞു. 'ഉറപ്പാണ് എൽഡിഎഫ്' കേരളം ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ വാക്കിനുറപ്പുണ്ടെന്ന് തെളിയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയാണെന്നതാണ് തന്റെ ആത്മവിശ്വാസം. എതിരാളി ആരായാലും വ്യക്തി കേന്ദ്രീകൃത അധിക്ഷേപത്തിനല്ല മുതിരുന്നത്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുക. വിജയം ഇടത് മുന്നണിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കളമശ്ശേരി യുഡിഎഫിൽ നിന്നും തിരിച്ചു പിടിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. ഇടത് പക്ഷ ഭരണത്തുടർച്ച കേരളം ആഗ്രഹിക്കുന്നുണ്ട്. പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. എതിരാളിയായി ആര് വന്നാലും കളമശ്ശേരിയിലേത് അഴിമതിക്കെതിരെയുള്ള പോരാട്ടം ആയിരിക്കും. എന്തും ചെയ്യാൻ മടിക്കാത്തവരെയാണ് മണ്ഡലത്തിൽ താൻ നേരിടുന്നത്. തനിക്ക് എതിരെ വന്ന പോസ്റ്ററുകൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.