മുഖ്യമന്ത്രിക്കെതിരായ നീക്കം പ്രതിരോധിക്കാൻ എൽഡിഎഫ്: ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച്

കസ്റ്റംസിന്‍റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധം. 

LDF to conduct Customs office march today

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരി‍ഞ്ഞ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. കസ്റ്റംസിൻ്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തും. അതേസമയം ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യല്ലിന് ഹാജരാവുമോ എന്ന് വ്യക്തമല്ല. 

കസ്റ്റംസിന്‍റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധം. ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എൽഡിഎഫ് ആക്ഷേപം. 

അതേസമയം തെരഞ്ഞെടുപ്പ് കാലമായതിനാൽ ബിജെപിയും യുഡിഎഫും ഇതു ചര്‍ച്ചയാക്കാനുള്ള സാധ്യത പാര്‍ട്ടി മുൻകൂട്ടി കാണുന്നു. അതിനാൽ തന്നെ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തരത്തിൽ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിൽ നേതാക്കൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കായി സിപിഎമ്മും എൽഡിഎഫും പ്രതിരോധം തീര്‍ക്കും എന്ന കൃത്യമായ സന്ദേശം നൽകാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios