ജയിക്കാനാണ് മത്സരം, വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം: ലതികാ സുഭാഷ്
രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിറക്കിയത് കൊണ്ട് വനിതകൾക്ക് പ്രാധാന്യം കിട്ടുമോ എന്നും ലതികാ സുഭാഷ്
കോട്ടയം: സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ മുടിമുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് വിട്ട മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വം ഇത്തവണ ഏറെ ശ്രദ്ധ നേടിയതാണ്. മുന്നണികളുടെ പിന്തുണയില്ലാതെ ഏറ്റുമാനൂരിൽ മത്സരിക്കുന്ന ലതികാ സുഭാഷും വിജയ പ്രതീക്ഷയിലാണ്. ഏറ്റുമാനൂരിൽ ജയിക്കാനാണ് മത്സരമെന്ന് ലതികാ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. മറ്റ് മുന്നണികളിലും വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ വ്യത്യസ്തമല്ല. സ്ഥാനാർത്ഥിയായത് മുതൽ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ആക്രമണം ഉണ്ടായെന്നും ലതിക കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിറക്കിയത് കൊണ്ട് വനിതകൾക്ക് പ്രാധാന്യം കിട്ടുമോ എന്നും ലതികാ സുഭാഷ് ചോദിച്ചു.
ഹൃദയുമുള്ള മനുഷ്യർ എല്ലാ മുന്നണിയിലുമുണ്ട്. അവരെന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണങ്ങളെല്ലാം ഇലക്ഷൻ സമയത്തുള്ളതാണെന്നും ലതിക ആരോപിച്ചു.