പി.സി.തോമസ് - പി.ജെ.ജോസഫ് ലയനം ആർഎസ്എസ് അജൻഡയുടെ ഭാഗമെന്ന് കോടിയേരി
തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.ബാബുവിനെ നിശ്ചയിച്ചത് ആർഎസ്എസാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് ജമാ അത്താ ഇസ്ലാമിയുമായി പരസ്യകൂട്ടുക്കെട്ട് ഉണ്ടാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം: പി.സി.തോമസിൻ്റെ കേരള കോൺഗ്രസ് പാർട്ടിയിൽ പി.ജെ.ജോസഫ് വിഭാഗം ലയിച്ചത് ആർഎസ്എസ് അജൻഡയുടെ ഭാഗമായിട്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ക്രൈസ്തവ വോട്ടുകളിൽ കണ്ണുവച്ചാണ് ഇങ്ങനെയൊരു നീക്കം ആർഎസ്എസ് നടത്തുന്നത്. നേരത്തെ ന്യൂനപക്ഷ വോട്ടുകൾ ബിജെപിക്ക് അനുകൂലമാക്കാൻ വേണ്ടി ബിജെപി നേതാക്കൾ ക്രൈസ്തവ സഭകളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ആ നീക്കം പരാജയപ്പെട്ടു. ഇതിന് ശേഷമാണ് ഇവർ കേരള കോൺഗ്രസ് ലയനത്തിന് വഴിയൊരുക്കിയതെന്നും കോടിയേരി പറഞ്ഞു. ഇഎംഎസിൻ്റെ 23-ാം ചരമദിനത്തിൽ തിരുവനന്തപുരത്തെ ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുയായിരുന്നു കോടിയേരി.
കോടിയേരിയുടെ വാക്കുകൾ -
ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നു. നേമത്ത് ശക്തനെ നിർത്തുമെന്ന് കോൺഗ്രസ് പറഞ്ഞു. എന്നാൽ അത്ര ശക്തൻ ഒന്നുമല്ല വന്നത്. പലയിടങ്ങളിലും തോറ്റ ആളാണ്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ധാരണയുണ്ടായെന്ന് കെ.മുരളീധരൻ പറഞ്ഞു. അങ്ങനെയെങ്കിൽ യുഡിഎഫിന് വോട്ട് എങ്ങനെ കുറഞ്ഞുവെന്നത് മുരളീധരൻ വ്യക്തമാക്കണം.
പി.സി. തോമസിന്റെ പാർട്ടിയിൽ പിജെ ജോസഫിന്റെ പാർട്ടി ലയിച്ചത് പിജെ ജോസഫിനെ ബിജെപിയിൽ എത്തിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായിട്ടാണ്. ഇതെല്ലാം ആസൂത്രിതമായ നീക്കമാണ്. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ക്രൈസ്തവ സഭകളുമായി കേന്ദ്ര മന്ത്രിമാർ ചർച്ച നടത്തി നോക്കി. ഈ നീക്കം വിജയിക്കില്ലെന്ന് കണ്ടപ്പോൾ ആണ് പി.ജെ.ജോസഫ് വഴി ക്രൈസ്തവ വോട്ടുകൾ എൻഡിഎ ക്യാംപിലെത്തിക്കാൻ ശ്രമിക്കുന്നത്.
തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.ബാബുവിനെ നിശ്ചയിച്ചത് ആർഎസ്എസാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് ജമാ അത്താ ഇസ്ലാമിയുമായി പരസ്യകൂട്ടുക്കെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വർഗീയധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്തൊക്കെ കൂട്ടുക്കെട്ടുണ്ടാക്കിയാലും അതിനെയെല്ലാം പരാജയപ്പെടുത്തും.
ആർഎസ്എസ് - സിപിഎം രഹസ്യധാരണ ആരോപിക്കുന്ന ബാലശങ്കറിന് കേരളത്തെക്കുറിച്ചൊന്നും അറിയില്ല. സീറ്റ് കിട്ടാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് അയാളുടെ പ്രസ്താവന. ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബിജെപിയെ തോൽപിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്ന് ബാലശങ്കറിന് അറിയില്ല.ആർഎസ്എസ് സഹായം കൊണ്ട് ജയിക്കുകയാണെങ്കിൽ ഒരു സീറ്റും സിപിഎമ്മിന് വേണ്ട.
സിപിഎം എവിടെയും കള്ളവോട്ട് ചേർക്കാറില്ല. പല ബൂത്തുകളിലും വോട്ടർപട്ടികയിൽ ഇരട്ടിപ്പുണ്ടെന്നാണ് ആക്ഷേപം. അതിലൊക്കെ നടപടി എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണ്. ഇക്കാര്യത്തിലൊന്നും പാർട്ടിക്ക് എതിർപ്പില്ല. കോൺഗ്രസാണ് കള്ള വോട്ട് ചേർത്തത്., കുമാരിയുടെ കാര്യത്തിൽ അത് തെളിഞ്ഞതാണ്.