കൊച്ചി സീറ്റിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസിൽ പിടിവലി: താത്പര്യമറിയിച്ച് അരഡസനിലേറെ നേതാക്കൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി സീറ്റിനായി കോൺഗ്രസിൽ പിടിവലി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി സീറ്റിനായി കോൺഗ്രസിൽ പിടിവലി. മത്സര സന്നദ്ധരായി ഒരു ഡസനോളം നേതാക്കളാണ് ഇതുവരെ നേതൃത്വത്തെ സമീപിച്ചത്. മുൻ കൊച്ചി മേയർ ടോണി ചമ്മണി, കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരുടെ പേരുകൾക്കാണ് പാർട്ടിയിൽ മുൻഗണന.
പൊതുവേ യുഡിഎഫിന് അനുകൂല ഘടകങ്ങളുള്ള മണ്ഡലമാണ് കൊച്ചി. എന്നാൽ 2016 ൽ ഡൊമിനിക്ക് പ്രസന്‍റേഷനെ പരാജയപ്പെടുത്തി സിപിഎമ്മിലെ കെ.ജെ മാക്സി അട്ടിമറി വിജയം നേടി. ഇത്തവണ കൊച്ചി തിരിച്ച് പിടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഇതാണ് കൊച്ചി സീറ്റിനായുള്ള പിടിവലിക്ക് കാരണം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടോണി ചമ്മണിയുടെ പേര് കൊച്ചിയിൽ ഉയർന്ന് വന്നിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ഡൊമിനിക് പ്രസന്‍റേഷന് വീണ്ടും അവസരം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഓരോ ജില്ലയിൽ നിന്നും ഒരു വനിതയ്ക്കെങ്കിലും സീറ്റ് നൽകാൻ കോൺഗ്രസ്സിൽ ധാരണയായിട്ടുണ്ട്.
ഇതനുസരിച്ച് കൊച്ചിയോ തൃപ്പൂണിത്തുറയോ വനിത സ്ഥാനാർത്ഥികളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യുവിനാണ് സാധ്യത കൂടുതൽ. ലാലി വിൻസെന്‍റിനെ പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. എറണാകുളം ഡിസിസി സെക്രട്ടറിയായ സ്വപ്ന പട്രോണിക്സും, എഐസിസി മുൻ അംഗം സിമി റോസ് ബെല്ലും കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.ലത്തീൻ സഭയുടെ പിന്തുണ അനുകൂല ഘടകമാണെന്ന് ടോണി ചമ്മണി പറയുന്നു. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ കൊച്ചിയിൽ കെ.ജെ മാക്സിക്ക് പാർട്ടി വീണ്ടും അവസരം നൽകാനാണ് സാധ്യത