രാജ്യസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെര. കമ്മീഷൻ ഹൈക്കോടതിയിൽ
കേരളത്തിൽ ഒഴിവുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: കേരളത്തിലെ ഒഴിവുകളുള്ള മൂന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികൾ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട് രേഖാമൂലം കൈമാറാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി നാളെ വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയുമാണ് ഹർജികൾ നൽകിയത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.