മഞ്ചേശ്വരത്തെ തർക്കം: ജയാനന്ദ വേണ്ടെന്ന് മണ്ഡലം കമ്മിറ്റി; സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും തീരുമാനമായില്ല
സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും നിർദ്ദേശിച്ച കെആർ ജയാനന്ദയുടെ പേര് മണ്ഡലം കമ്മിറ്റി തള്ളിയിരുന്നു
കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഉയർന്ന തർക്കങ്ങൾക്ക് സമവായമുണ്ടാക്കാൻ അടിയന്തിര ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന് സാധിച്ചില്ല. സിപിഎം സ്ഥാനാർത്ഥിയെ യുഡിഎഫും ബിജെപിയും സ്ഥാനാർത്ഥികളെ നിശ്ചയിച്ച ശേഷം പ്രഖ്യാപിക്കാമെന്നാണ് ധാരണ. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും നിർദ്ദേശിച്ച കെആർ ജയാനന്ദയുടെ പേര് മണ്ഡലം കമ്മിറ്റി തള്ളിയിരുന്നു. ഇതോടെ നാളെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കില്ലെന്നാണ് വിവരം.
മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത 33 പേരിൽ ജയാനന്ദനെ അനുകൂലിച്ചത് അഞ്ച് പേര് മാത്രമാണ്. ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും എതിർത്തു. സ്ഥാനാർത്ഥിക്ക് ജനപിന്തുണ ഇല്ലെന്നാണ് കമ്മിറ്റിയിലുയർന്ന വിമർശനം. ജയാനന്ദക്ക് ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.