പ്രകടനം കണ്ട് സ്ഥാനാർത്ഥിയെ മാറ്റില്ല; കുറ്റ്യാടിയിൽ പുന:പരിശോധന ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
തളിപ്പറമ്പിലെ സിപിഎം സ്ഥാനാർത്ഥിയായ എംവി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു
കോഴിക്കോട്: കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണ്ട് പാർട്ടിയിൽ പുന പരിശോധന ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർത്ഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത്. സിറ്റിംഗ് സീറ്റ് അല്ലാഞ്ഞിട്ടും ഇത്ര വലിയ പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്? പ്രശ്നം പാർട്ടി സംഘടനാപരമായി കൈകാര്യം ചെയ്ത് പരിഹരിക്കും. പി ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാലല്ല ഇപി ജയരാജൻ മത്സരിക്കാത്തത്. പിണറായി വിജയൻ പാർട്ടിയെ കൈപ്പിടിയിലാക്കിയെന്ന ആരോപണം അസംബന്ധമാണ്. പിണറായി വിജയനെ കടന്നാക്രമിക്കാനുള്ള അടവാണിതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയിൽ അനുനയ ശ്രമങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തി. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരെ അനുനയിപ്പിച്ച ശേഷം സ്ഥാനാർത്ഥിയുടെ കാര്യം ആലോചിക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. കുറ്റ്യാടി ഒഴിച്ചിട്ട് മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന് ജോസ് കെ മാണിയോട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്. തിരുവമ്പാടി സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരുവമ്പാടിയിൽ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് സിപിഎം തടസമായി പറയുന്നത്. കുറ്റ്യാടിയിൽ ഇന്നലെ ഉണ്ടായ വലിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ഒഴിവാക്കിയത്. ഇന്നലെ നടന്ന പരസ്യ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി.