പോളിംഗ് ദിനത്തിൽ അതിർത്തി അടയ്ക്കും, കേന്ദ്രസേനയെ വിന്യസിക്കും; സിസിടിവി സംവിധാനമൊരുക്കാം: തെര. കമ്മീഷൻ
പോളിങ് ദിവസം അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സിസിടിവി സംവിധാനം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് ആരോപണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്.
കൊച്ചി: കള്ളവോട്ട് തടയാന്‍ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടച്ച് കേന്ദ്രസേനയെ വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. ഇടുക്കി ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികൾ നൽകിയ ഹർജിയിലാണ് കമ്മീഷൻ നിലപാടറിയിച്ചത്. ഇരട്ടവോട്ടുകളുള്ള അരൂരിലെ 39 ബൂത്തുകളില്‍ വിഡിയോഗ്രാഫി ഏർപ്പെടുത്തുന്നത് പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഇരട്ട വോട്ടുകൾ തടയാനുള്ള നടപടികൾ ആവശ്യപ്പെട്ട് അരൂർ, ദേവികുളം, പീരുമെട്, ഉടുമ്പ്ഞ്ചോല മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. അരൂരിലെ 39 ബൂത്തുകളിലായി മൂവായിരത്തിൽ അധികം ഇരട്ടവോട്ടുണ്ടെന്നും ഈ ബൂത്തുകളില്‍ സ്വന്തം ചെലവില്‍ വിഡിയോഗ്രാഫി ഏർപ്പെടുത്താൻ അനുവദിക്കണമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ ആവശ്യം. എന്നാൽ, സ്ഥാനാര്‍ത്ഥികളുടെ ആവശ്യപ്രകാരം വീഡിയോ ചിത്രീകരണത്തിന് അനുമതി നല്‍കാനാകില്ലെന്നും കമ്മീഷന്‍ നിലപാടെടുത്തു. അരൂരിലെ 46 ശതമാനം ബൂത്തുകളില്‍ ഇപ്പോള്‍ തന്നെ വെബ്കാസ്റ്റിങ് ഉണ്ടെന്നും കമ്മിഷൻ അറിയിച്ചു. എന്നാൽ, സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാട്ടിയ ബൂത്തുകളില്‍ കൂടി വീഡിയോഗ്രാഫി പരിഗണിക്കണമെന്ന് കോടതി കമ്മീഷന് നിര്‍ദേശം നല്‍കി.
കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ള ചിലര്‍ തമിഴ്നാട്ടില്‍ വോട്ട് ചെയ്തശേഷം അതിര്‍ത്തികടന്നെത്തുമെന്നും ഇത് തടയാന്‍ ചെക്പോസ്റ്റുകളില്‍ വാഹനപരിശോധന കര്‍ശനമാക്കണമെന്നുമായിരുന്നു പീരുമേട് ദേവികുളം ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ആവശ്യം. കേരള-തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്ത് ചെക്പോസ്റ്റുകള്‍ ഈ മാസം അഞ്ച് ആറ് തിയതികളില്‍ അടിച്ചിടാന്‍ നേരെത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അതിര്‍ത്തികളില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മിഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജികൾ ഹൈക്കോടതി തീര്‍പ്പാക്കി.