'നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാം', സുരേഷ് ഗോപിയും നേതൃത്വവും രണ്ടു തട്ടിൽ

എ പ്ലസ് മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കണമെന്ന് സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദമുണ്ട്. എന്നാൽ നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറയുന്നത്. വട്ടിയൂർക്കാവ്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി പാർട്ടി മാറ്റിവച്ചിരിക്കുന്നത്. 

kerala assembly elections suresh gopi aand central leadership differs on constituency

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സൂപ്പർതാരം സുരേഷ് ഗോപി മത്സരിക്കുമോ? മത്സരിക്കുന്നെങ്കിൽ എവിടെ നിന്ന്? മണ്ഡലം തെരഞ്ഞെടുക്കുന്ന കാര്യത്തിലും മത്സരിക്കണോ എന്ന കാര്യത്തിലും സുരേഷ് ഗോപിയും ബിജെപി കേന്ദ്രനേതൃത്വവും രണ്ട് തട്ടിലാണ്. മത്സരിച്ചേ പറ്റൂ, അതും എപ്ലസ് മണ്ഡലങ്ങളിൽത്തന്നെയെന്നാണ് കേന്ദ്രനേതൃത്വം സുരേഷ് ഗോപിയോട് പറയുന്നത്. 

എന്നാൽ അത്ര നിർബന്ധമെങ്കിൽ ഗുരുവായൂരിൽ നിന്ന് മത്സരിക്കാമെന്ന് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. വട്ടിയൂർക്കാവ്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി പാർട്ടി മാറ്റിവച്ചിരിക്കുന്നത്. ജോഷിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്‍റെ തിരക്കിലാണെന്ന കാരണം പറഞ്ഞ് മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് സുരേഷ് ഗോപി. എ പ്ലസ് മണ്ഡലങ്ങൾ അതല്ലെങ്കിൽ സുരേഷ് ഗോപിക്ക് ഇഷ്ടമുള്ള മണ്ഡലം എന്ന ഫോർമുലയിലേക്ക് ബിജെപി എത്തുമെന്നാണ് കരുതപ്പെടുന്നത്. 

ബിജെപിയുടെ സ്ഥാനാർത്ഥിപട്ടികക്ക് വ്യാഴാഴ്ച അന്തിമരൂപമാകുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് എ പ്ലസ് സീറ്റുകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ശോഭാ സുരേന്ദ്രനും സ്ഥാനാർത്ഥിയാകാനിടയുണ്ടെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ എ പ്ലസ് സീറ്റുകളിലാണ് അന്തിമധാരണയാകാത്തത്. ഇതിൽ  കോന്നി, കഴക്കൂട്ടം അല്ലെങ്കിൽ മ‍ഞ്ചേശ്വരം എന്നിവിടങ്ങളിലൊന്നിലാകും കെ. സുരേന്ദ്രൻ ഇറങ്ങുക. 

കോന്നിയിലും കഴക്കൂട്ടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാരാകും എന്നത് കൂടി പരിഗണിച്ചാകും ബിജെപി തീരുമാനം. വട്ടിയൂർക്കാവിൽ വി വിരാജേഷിന്‍റെ പേര് ഇപ്പോഴും പരിഗണനയിലുണ്ട്. മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രനും സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറെയാണ്. 

അവസാനവട്ട ചർച്ചകളിൽ ഒഴിവുള്ള അഞ്ചിലേതെങ്കിലുമൊന്നിൽ ശോഭയുടെ പേര് വന്നേക്കാം. വ്യാഴാഴ്ച തൃശ്ശൂരിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി രൂപം നൽകുുന്ന പട്ടികയുമായി സുരേന്ദ്രൻ ദില്ലിക്ക് പോകും. 12-നോ 13-നോ പാർലമെന്‍ററി ബോർഡ് ചേർന്ന് പ്രഖ്യാപനം നടത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios