കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ, കേന്ദ്രനേതൃത്വത്തിൽ നിന്ന് ഉറപ്പ്

ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. 

kerala assembly elections 2021 sobha surendran will contest from kazhakkuttam

ദില്ലി: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. മറ്റന്നാൾ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്ന് ശോഭാ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കാതിരിക്കാനുള്ള വി മുരളീധരപക്ഷത്തിന്‍റെ നീക്കങ്ങൾക്കെല്ലാം തടയിട്ടാണ്, ബിജെപി കേന്ദ്രനേതൃത്വം ശോഭയ്ക്ക് മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. ശോഭ സുരേന്ദ്രനെ വെട്ടാൻ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് വി.മുരളീധര പക്ഷം നീക്കം നടത്തിയിരുന്നത്.  

കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി വരും, അങ്ങനെയെങ്കിൽ ശോഭയ്ക്ക് സീറ്റ് നൽകാനാകില്ല എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭയ്ക്ക് സീറ്റ് നൽകാൻ കെ സുരേന്ദ്രനടക്കമുള്ളവർക്ക് താൽപ്പര്യവുമുണ്ടായിരുന്നില്ല. 

കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അംഗീകാരം നൽകുമ്പോഴും അതിനെതിരെ നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സാമുദായിക പരിഗണന നോക്കിയാലും ശോഭ സുരേന്ദ്രൻ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു. എന്നാൽ കഴക്കൂട്ടം അല്ലാതെ കൊല്ലത്തോ കരുനാഗപ്പള്ളിയിലോ ശോഭ സുരേന്ദ്രൻ മത്സരിച്ചോട്ടെ എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാലിതെല്ലാം തള്ളിക്കളഞ്ഞ് ശോഭ തന്നെ കളത്തിലിറങ്ങുന്നു, കഴക്കൂട്ടത്ത്. 

Latest Videos
Follow Us:
Download App:
  • android
  • ios