ജോസ് കെ മാണി വഴി യുഡിഎഫ് കോട്ടകളിൽ കടന്നു കയറുമോ എൽഡിഎഫ്? പോരാട്ടച്ചൂടിൽ മധ്യകേരളം

രാഹുൽ ഗാന്ധിയും, അമിത് ഷായും അടക്കം പ്രധാന കേന്ദ്ര നേതാക്കളെത്തി പ്രചാരണം നയിച്ച മധ്യകേരളം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിളി കാത്തിരിക്കുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അങ്കത്തിനിറങ്ങുന്ന പുതുപ്പളളിയും ഹരിപ്പാടും. മധ്യകേരളം ചിന്തിക്കുന്നതെന്ത്?

kerala assembly elections 2021 central kerala election campiagn in final lap

കൊച്ചി: മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകളിലേക്ക് കടന്നുകയറാൻ ഇടതു മുന്നണിക്ക് കഴിയുമോയെന്നാണ് പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇടതുപാളയത്തിലെത്തിയ കേരളാ കോൺഗ്രസ് എമ്മിനും ഇത്തവണത്തേത് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. പളളിത്തർക്കം രൂക്ഷമായ മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ സഭകളുടെ നിഷ്പക്ഷ നിലപാട് ആരെത്തുണയ്ക്കുമെന്ന വേവലാതിയുമുണ്ട്. ട്വന്‍റി ട്വന്‍റി പോലുളള കൂട്ടായ്മകളുടെ കടന്നുകയറ്റവും മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. 

രാഹുൽ ഗാന്ധിയും അമിത് ഷായും അടക്കം പ്രധാന കേന്ദ്ര നേതാക്കള്‍ മധ്യകേരളത്തില്‍ പ്രചാരണം നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിളി കാത്തിരിക്കുന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അങ്കത്തിനിറങ്ങുന്ന പുതുപ്പളളിയും ഹരിപ്പാടും. മന്ത്രിമാരായ ജി സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പി തിലോത്തമന്‍റെയും അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു ആലപ്പുഴ. സുരേഷ് ഗോപിയും ജേക്കബ് തോമസും അൽഫോൻസ് കണ്ണന്താനവും അടങ്ങുന്ന പ്രമുഖർ ബിജെപിക്കായി കളത്തിലിറങ്ങുന്ന മധ്യകേരളം. 

എറണാകുളവും, കോട്ടയവും ഇടുക്കിയും തൃശ്ശൂരുമടങ്ങുന്ന മലനാടും തീരപ്രദേശങ്ങളും തൂത്തുവാരിയാലേ തിരികെ ഭരണത്തിലെത്താൻ കഴിയൂ എന്ന തിരിച്ചറിവിലാണ്  പ്രചാരണത്തിന്‍റെ അവസാന ലാപ്പിലും യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. യു‍ഡിഎഫിനായി രാഹുൽ ഗാന്ധി അടക്കമുളളവർ എത്തി എറണാകുളത്തെയും തൃശുരെയും ആലപ്പുഴയിലെയും തീരമേഖലകളിൽ  ആഴക്കടൽ മൽസ്യബന്ധനവിവാദത്തിന് എണ്ണയിടാനാണ്  ശ്രമിച്ചത്.

ലത്തീൻ സഭ കൂടി ഇടത് സർക്കാരിന് എതിരായതോടെ ഈ എണ്ണയിൽ  തീ കത്തിപ്പടരുമോയെന്ന് അറിയാന്‍ കാത്തിരിക്കണം. തൃശ്ശൂരും തൃപ്പൂണിത്തുറയുമാണ് എ പ്ലസ് മണ്ഡലങ്ങളായി മധ്യകേരളത്തിൽ ബിജെപിയുടെ കണക്കിലുളളത്. ഈ മണ്ഡലങ്ങളിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലടക്കം ശബരിമല വിഷയം ആളിക്കത്തിക്കാനായിരുന്നു അമിത് ഷായും, നിർമലാ സീതാരാമനും അടക്കമുളള കേന്ദ്ര നേതാക്കളുടെ ശ്രമം.  

ഇടതുസർക്കാർ വിശ്വാസികൾക്കെതിരാണെന്ന വികാരം ഊതിപ്പെരുപ്പിക്കാൻ മധ്യകേരളത്തിൽ യുഡിഎഫും ആഞ്ഞുശ്രമിച്ചു. യാക്കോബായ- ഓർത്തഡോക്സ് സഭകളുടെ നിലപാടിനായി കാക്കുകയാണ് പ്രചാരണത്തിന്‍റെ അവസാന ലാപ്പിലും മുന്നണികൾ. പളളിത്തർക്കം രൂക്ഷമായ കോട്ടയത്തയും എറണാകുളത്തെയും സഭാ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വോട്ടുറപ്പിക്കുന്നവർക്കെ ജയിക്കാനാകൂ. ബിജെപിയെ കൂട്ടുപിടിക്കാനുളള യാക്കോബായ സഭയുടെ ശ്രമങ്ങൾ  മുളയിലേ കൂമ്പടഞ്ഞു. എന്നാൽ പരസ്യനിലപാടിനില്ലെങ്കിലും യുഡിഎഫിനേക്കാൾ അധികം എൽഡിഎഫിനോടാണ് യാക്കോബായ സഭയ്ക്ക് മമത. എന്നാൽ സഭാ വിശ്വാസികൾ യുഡിഎഫ് സ്ഥാനാർഥികളായി മൽസരിക്കുന്ന ഇടങ്ങളിൽ അവരെ പിന്തുണക്കും. 

2016ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കൈമെയ് മറന്ന് പിന്തുണച്ച ഓർത്തഡോക്സ് സഭയാകട്ടെ  ഇത്തവണ പണികിട്ടിയ മട്ടിലാണ്. എന്നാൽ പണ്ടേത്തേക്കാൾ ബിജെപിയുമായി അടുത്തിട്ടുണ്ട്. എൽഡിഎഫിനേയും യുഡിഎഫിനേയും വിശ്വാസികൾ ഒരേ തട്ടിൽ അളക്കുമെന്ന നിലപാടിലാണ് സഭാ നേതൃത്വം. ട്വന്‍റി ട്വന്‍റി, വി 4 അടക്കമുളള ജനകീയ കൂട്ടായ്മകളുടെ സാന്നിധ്യമാണ് എറണാകുളം ജില്ലയിൽ മുന്നണികളുടെ ഉറക്കം കെടുത്തുന്നത്. കുന്നത്തുനാട്ടിൽ വിജയ പ്രതീക്ഷയുളള ട്വന്‍റി ട്വന്‍റി മറ്റ് ഏഴുമണ്ഡലങ്ങളിൽ ഏതുമുന്നണിയുടെ അന്തകനാകുമെന്ന ആശങ്കയുമുണ്ട്.  

പാലായിലടക്കം ഇടതുമുന്നണിക്കായി അങ്കത്തിനിറങ്ങുന്ന കേരളാ കോൺഗ്രസ് എമ്മിന് നിലനിൽപ്പിന്‍റെ പോരാട്ടം കൂടിയാണ് ഇത്തവണത്തേത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് മുന്നണിയെക്കൂടി ബോധ്യപ്പെടുത്തണം. ജോസ് പക്ഷം പോയെങ്കിലും തങ്ങളുടെ ശക്തരാണെന്ന് തെളിയിക്കാനുളള തത്രപ്പാടിലാണ് മധ്യകേരളത്തിൽ വേരോട്ടമുളള ജോസഫ് വിഭാഗം. അതുകൊണ്ടെതന്നെ ജീവൻമരണപോരാട്ടം നടക്കുന്ന മധ്യകേരളത്തിലെ മണ്ഡലങ്ങളിൽ ആവേശം തീർക്കാൻ അമിത് ഷായും നി‍ർമലാ സീതാരാമനും , സ്മൃതി ഇറാനിയും ശശി തരൂരുമടങ്ങുന്ന കേന്ദ്ര നേതാക്കളും പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും സജീവമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios