വടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്ക്; മൂന്ന് ജില്ലകളിൽ മേൽക്കോയ്മ, വയനാട്ടിൽ ഇഞ്ചോടിഞ്ചെന്നും സ‍ർവേ ഫലം

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ പോസ്റ്റ് പോൾ ഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുറത്തുവിട്ടത്

Kerala Assembly election 2021 northern district results Asianet news C Fore post poll survey result

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ എൽഡിഎഫിന് തന്നെ മുൻതൂക്കമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോ‍ർ സർവേ ഫലം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ പോസ്റ്റ് പോൾ ഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുറത്തുവിട്ടത്. ഇതിൽ മൂന്ന് ജില്ലകളിലും വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്കുണ്ട്. വയനാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 

കാസർകോട് ആർക്കൊപ്പം?

കാസർകോട് ജില്ലയിൽ ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്തും ഉദുമയിലും യഥാക്രമം യുഡിഎഫിനും എൽഡിഎഫിനുമാണ് മേൽക്കൈ. മഞ്ചേശ്വരത്ത് ബിജെപിയും ഉദുമയിൽ കോൺ​ഗ്രസുമാണ് തൊട്ടുപിന്നിലുള്ളത്. കാസ‍ർകോട് പതിവുപോലെ യുഡിഎഫിന് ഒപ്പവും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എൽഡിഎഫിന് ഒപ്പവും നിലയുറപ്പിക്കും.

കണ്ണൂരിന്‍റെ മനസ്സെവിടെ?

കണ്ണൂരിൽ എട്ട് മുതൽ ഒൻപത് സീറ്റ് വരെയാണ് എൽഡിഎഫിന് പ്രവചിക്കപ്പെടുന്നത്. ഇതിൽ ശക്തമായ മത്സരം നടക്കുന്ന കൂത്തുപറമ്പിൽ യുഡിഎഫിനും കണ്ണൂരിൽ എൽഡിഎഫിനും നേരിയ മേൽക്കൈയുണ്ട്. പേരാവൂരിൽ എൽഡിഎഫ് അട്ടിമറി വിജയം നേടും. അഴീക്കോട് സിറ്റിങ് എംഎൽഎ കെഎം ഷാജി നിലനി‍ർത്തും. എൽഡിഎഫിന് ഒപ്പം പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധ‍ർമ്മടം, തലശേരി, മട്ടന്നൂ‍ർ എന്നീ മണ്ഡലങ്ങൾ നിലയുറപ്പിക്കും. ഇരിക്കൂറാണ് യുഡിഎഫ് നിലനി‍ർത്തുന്ന മറ്റൊരു മണ്ഡലം.

രാഹുലിന്‍റെ വയനാട് ആർക്കൊപ്പം?

വയനാട് ജില്ലയിൽ മൂന്ന് സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെയുള്ള മൂന്നിൽ രണ്ട് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മാനന്തവാടി മണ്ഡലത്തിൽ എൽഡിഎഫിനാണ് വിജയസാധ്യത കൂടുതൽ. സുൽത്താൻ ബത്തേരിയിൽ യുഡിഎഫിനും കൽപ്പറ്റയിൽ എൽഡിഎഫിനും നേരിയ മേൽക്കൈയുണ്ട്.

കോഴിക്കോടൻ കാറ്റെങ്ങോട്ട്?

കോഴിക്കോട് ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത് വടകരയിലും നാദാപുരത്തും കോഴിക്കോട് സൗത്തിലുമാണെന്ന് സർവേ പറയുന്നു. ഇതിൽ വടകരയിൽ എൽഡിഎഫിനും നാദാപുരത്ത് യുഡിഎഫിനും നേരിയ മേൽക്കൈയുണ്ട്. കോഴിക്കോട് സൗത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. കുറ്റ്യാടിയിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് പ്രവചനം. കൊടുവള്ളിയാണ് യുഡിഎഫിന് ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമം​ഗലം, തിരുവമ്പാടി എന്നീ സീറ്റുകൾ എൽ‍ഡിഎഫിനാണ് ജയസാധ്യത. 13 സീറ്റുകളുള്ള ജില്ലയിൽ 10 മുതൽ 11 വരെ സീറ്റുകളാണ് ഇടതിനൊപ്പം നിൽക്കുന്നത്. രണ്ട് മുതൽ മൂന്ന് വരെ സീറ്റുകൾ യു‍ഡിഎഫിനാണ് പ്രവചിക്കപ്പെടുന്നത്.

രണ്ട് ദിവസങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം പ്രവചിക്കുന്നത്. അവശേഷിക്കുന്ന ജില്ലകളിലെ ഫലങ്ങൾ നാളെയും സംപ്രേഷണം ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios