അടിയൊഴുക്കുകൾ ആരുടെ അക്കൗണ്ടിലേക്ക്? കലാശക്കൊട്ടിലും ആവേശം വിടാതെ നേമം
സര്‍വ്വ സന്നാഹവും രംഗത്തിറക്കി കാടിളക്കിയുള്ള പ്രചരണ കോലാഹലങ്ങൾക്ക് ഒടുവിൽ പരസ്പരം ഒത്തുകളി ആരോപണം കൂടി ഉന്നയിച്ചാണ് കൊട്ടിക്കലാശം.
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറിലേക്ക് എത്തുമ്പോഴും ആവേശപ്പോരിന് കുറവൊന്നുമില്ല. സര്‍വ്വ സന്നാഹവും രംഗത്തിറക്കി കാടിളക്കിയുള്ള പ്രചരണ കോലാഹലങ്ങൾക്ക് ഒടുവിൽ പരസ്പരം ഒത്തുകളി ആരോപണം കൂടി ഉന്നയിച്ചാണ് കൊട്ടിക്കലാശം.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റിൽ കുമ്മനം രാജശേഖരനെതിരെ കരുത്തനെ ഇറക്കിയുള്ള പോരാട്ടം കോൺഗ്രസ് കടുപ്പിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും കെ മുരളീധരൻ പ്രതീക്ഷിക്കുന്നില്ല . പ്രവർത്തകരിലും ജനങ്ങളിലും ആവേശമാണ്. ന്യൂനപക്ഷ വോട്ട് പെട്ടിയിലാക്കാനും ഭൂരിപക്ഷ വോട്ടിൽ വിള്ളലുണ്ടാക്കാനും ലക്ഷ്യമിട്ട് വൃത്തികെട്ട കളിയാണ് ഇടത് സ്ഥാനാര്‍ത്ഥി വി ശിവൻ കുട്ടിയുടെ ഭാഗത്ത് നിന്ന് നടക്കുന്നു എന്ന ആക്ഷേപവും കെ മുരളീധരൻ ഉന്നയിക്കുന്നു. ബി ജെ പിയുടെ അക്കൗണ്ട് യുഡിഎഫ് മരവിപ്പിക്കും. രാഹുൽ വരുമ്പോൾ ആവേശം ഇരട്ടിയാകുമെന്ന പ്രതീക്ഷയും കെ മുരളീധരനുണ്ട്.
സിപിഎം ബിജെപി ബന്ധം എന്ന രാഹുലിന്റെ ആരോപണം ഏശില്ലെന്നും രാഹുൽഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നുമാണ് വി ശിവൻകുട്ടിയുടെ പ്രതികരണം, രാഹുൽ വരുന്നത് ഒരു ഗുണവും നേമത്തെ കോൺഗ്രസിന് ഉണ്ടാക്കില്ല. ഇടതുമുന്നണിയുടെ തികഞ്ഞ വിജയ പ്രതീക്ഷയും വി ശിവൻ കുട്ടി പങ്കുവയ്ക്കുന്നു.
കേരളത്തിന് പുറത്ത് രാഹുൽ ഗാന്ധി വോട്ട് പിടിക്കുന്നത് സിപിഎമ്മിന് വേണ്ടിയല്ലേ എന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും തിരിച്ചടിച്ചു. ബിജെപി സിപിഎം ബന്ധം എന്ന രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ല .രാഹുലെന്നല്ല ആര് വന്നാലും നേമത്ത് ബിജെപി സാധ്യതയെ ബാധിക്കില്ലെന്നാണ് കുമ്മനത്തിന്‍റെ പ്രതികരണം.
കോൺഗ്രസ് മാര്‍ക്സിസ്റ്റ് ധാരണ നേമത്ത് ഉണ്ടെന്നാണ് കുമ്മനം രാജശേഖരനും ബിജെപി ക്യാമ്പും ആരോപിക്കുന്നത്. എൽഡിഎഫ് ബിജെപി ഡീലാണ് ഉള്ളതെന്ന് കെ മുരളീധരനും പറയുന്നു.
200505 വോട്ടര്‍മാരാണ് നേമം മണ്ഡലത്തിൽ ആകെ ഉള്ളത് . മുന്നണി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരും അടക്കം 11 സ്ഥാനാര്‍ത്ഥികൾ നേമത്ത് നിന്ന് ജനവിധി തേടുന്നു. 2016 ൽ 1,92,459 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 74.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതിൽ 67,813 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന് കിട്ടിയത്. 59,142 വോട്ട് ഇടത് സ്ഥാനാര്‍ത്ഥിയായ വി ശിവൻകുട്ടിക്ക് കിട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി സുരേന്ദ്രൻ പിള്ള പിടിച്ചത് 13,860 വോട്ട് മാത്രമായിരുന്നു.