'മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റില്ല', ആർക്കും ഇളവില്ലെന്നും കാനം രാജേന്ദ്രൻ
ഇടത് മുന്നണിയിൽ പുതിയ പാർട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കാൻ കഴിയുമോ എന്ന് പറയാനാകില്ലെന്നും കാനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാർട്ടി തീരുമാനം. ഇപ്പോൾ തുടർച്ചയായി വിജയിക്കുന്നവർക്കും മുൻകാലങ്ങളിൽ വിവിധ ഘട്ടങ്ങളിലായി മൂന്ന് തവണ വിജയിച്ചവർക്കും തീരുമാനം ബാധകമാണ്. ഇക്കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ലെന്നും കാനം വ്യക്തമാക്കി.
സി.ദിവാകരൻ, വി എസ് സുനിൽകുമാർ, പ്രകാശ് ബാബു, കെ.രാജു, തിലോത്തമൻ, ബിജിമോൾ, സത്യൻ മൊകേരി, കെ.പി രാജേന്ദ്രൻ തുടങ്ങി പ്രമുഖരെ ഒഴിവാക്കി പുതുമുഖങ്ങളെ ഇറക്കാനാണ് സിപിഐ നീക്കം. എന്നാൽ രണ്ട് തവണ മത്സരിച്ച് വിജയിച്ചവർക്ക് ഇത് ബാധകമായിരിക്കില്ല. ഇതോടെ കാനത്തെ അനുകൂലിക്കുന്ന ഇ ചന്ദ്രശേഖരന്റെ സ്ഥാനാത്ഥിത്വത്തിന് വീണ്ടും കളമൊരുങ്ങി.
മൂന്ന് തവണ മത്സരിച്ചവരിൽ സി ദിവാകരനും വി എസ് സുനിൽകുമാറിനും ഇളവുണ്ടാകുമെന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടത്. നെടുമങ്ങാട്, തൃശൂർ മണ്ഡലങ്ങളിലെ വിജയ സാധ്യത മുൻനിർത്തി സിപിഐ പ്രദേശിക ഘടകങ്ങളുടെ നിർദ്ദേശങ്ങളും അവഗണിച്ചാണ് തീരുമാനം.
എന്നാൽ ആരെയും ഒഴിവാക്കാനല്ല പുതുനിരയെ കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് കാനം വ്യക്തമാക്കുന്നത്. സംഘടനാ ചുമതലയുള്ളവർ മത്സരിക്കുന്നുണ്ടെങ്കിൽ പാർട്ടിസ്ഥാനം രാജിവെക്കണം. ഇടത് മുന്നണിയിൽ പുതിയ പാർട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കാൻ കഴിയുമോ എന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി. കേരളാ കോൺഗ്രസ് ജോസ് വിഭാഗമടക്കം ഇടതു മുന്നണി പ്രവേശനം നേടിയ സാഹചര്യത്തിൽ ഇത്തവണ സീറ്റുകളുടെ എണ്ണം കുറയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റുകൾ കുറയുമെന്ന സൂചന കാനം നൽകിയത്.