നദ്ദയും രാജ്നാഥ് സിംഗും അവഗണിക്കുന്ന നിരാശയില്‍ സംഘര്‍ഷമുണ്ടാക്കരുത്; ശോഭയ്ക്കെതിരെ കടകംപള്ളി
അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോധ്യം വന്നപ്പോൾ ആരോ കൊല്ലാൻ വരുന്നു എന്നൊക്കെ വിളിച്ചു കൂവുന്ന മനോനില കഴക്കൂട്ടത്തുകാർക്ക് മനസിലാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍
കഴക്കൂട്ടം: കഴക്കൂട്ടത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കാനുള്ള നീക്കത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി പിന്മാറണമെന്ന ആവശ്യവുമായി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തിന്‍റെ തൊട്ടടുത്ത മണ്ഡലങ്ങളിലെത്തുന്ന ബിജെപി ദേശീയ നേതാക്കള്‍ തന്‍റെ മണ്ഡലത്തില്‍ എത്താത്തതിന്‍റെ നിരാശയിലാണ് ബിജെപിയുടെ ക്രിമിനൽ സംഘം അക്രമം അഴിച്ചുവിടുന്നതെന്നാണ് ആരോപണം. അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോധ്യം വന്നപ്പോൾ ആരോ കൊല്ലാൻ വരുന്നു എന്നൊക്കെ വിളിച്ചു കൂവുന്ന മനോനില കഴക്കൂട്ടത്തുകാർക്ക് മനസിലാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.
കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
സമാധാനപരമായി ജീവിക്കുന്ന കഴക്കൂട്ടത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കാനുള്ള നീക്കത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്നലെ രാത്രിയും കഴക്കൂട്ടം അണിയൂരിൽ ബിജെപിയുടെ ക്രിമിനൽ സംഘം ഒരു സി.പി.ഐ.എം പ്രവർത്തകനെ ഭീകരമായി ആക്രമിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ അഡ്വ. വേണുഗോപാലൻ നായരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. ബി ജെ പി ദേശീയ അധ്യക്ഷൻ ശ്രീ. ജെ.പി നദ്ദയും, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ് സിംഗും കഴക്കൂട്ടത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളിൽ എത്തുമ്പോഴും തന്നെ അവഗണിക്കുന്നതിൽ കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിക്ക് നിരാശയും പ്രതിഷേധവും ഉണ്ടാകാം. അത് തീർക്കാൻ കഴക്കൂട്ടത്ത് സംഘർഷം സൃഷ്ടിക്കുകയല്ല വേണ്ടതെന്ന് ബി ജെ പി സ്ഥാനാർത്ഥി മനസിലാക്കണം.
അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോധ്യം വന്നപ്പോൾ ആരോ കൊല്ലാൻ വരുന്നു എന്നൊക്കെ വിളിച്ചു കൂവുന്ന മനോനില കഴക്കൂട്ടത്തുകാർക്ക് മനസിലാകും. കഴക്കൂട്ടത്ത് സംഘർഷം ഉണ്ടാക്കാൻ നടത്തുന്ന ആസൂത്രിത നീക്കത്തിൽ നിന്ന് ഈ സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.