ധര്‍മ്മടത്ത് മത്സരിക്കുമോ? സാധ്യത തള്ളാതെ കെ സുധാകരൻ
മത്സരിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ്റെ വീട്ടിലെത്തി പ്രവർത്തകർ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണം.
കണ്ണൂര്‍: ധര്‍മ്മടത്ത് കെ സുധാകരൻ തന്നെ മത്സരിക്കാൻ സാധ്യതയേറി. മുല്ലപ്പള്ളിയും ചെന്നിത്തലയും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചേക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമായതിന് പിന്നാലെ മത്സര സാധ്യത തള്ളാതെ കെ സുധാകരൻ രംഗത്തെത്തി. ആലോചിച്ച് ഒരു മണിക്കൂറില്‍ തീരുമാനം പറയാമെന്ന് സുധാകരന്‍ നേതാക്കളെ അറിയിച്ചു. തയ്യാറെടുപ്പിന് വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നും ചിലരുമായി കൂടിയാലോചിക്കാനുണ്ടെന്നും സുധാകരൻ പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി പറയുമ്പോള്‍ നിഷേധിക്കാന്‍ പ്രയാസമുണ്ട്. ചിലരുമായി കൂടിയാലോചിക്കാനുണ്ടെന്നും തയ്യാറെടുപ്പിന് ആവശ്യത്തിന് സമയം കിട്ടിയില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മത്സരിക്കുന്നത് മറ്റിടങ്ങളില്‍ പ്രചരണത്തിന് പോകാന്‍ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ്റെ വീട്ടിലെത്തി പ്രവർത്തകർ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണം. ധർമ്മടം നിയോജക മണ്ഡലം ഭാരവാഹികളാണ് കെ സുധാകരൻ്റെ എത്തിയത്. വാളയാർ പെൺകുട്ടികളുടെ അമ്മയേയും സി രഘുനാഥിനെയും അംഗീകരിക്കില്ലെന്ന് പ്രവർത്തകർ സുധാകരനെ അറിയിച്ചു.
സുധാകരന്‍ മത്സരിക്കണമെന്നാണ് തന്‍റെയും പാർട്ടിയുടെയും ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സുധാകരന്‍റെ സമ്മതം കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സുധാകരൻ സ്ഥാനാർത്ഥിയാകുന്നത് ഹൈക്കമാന്‍ഡ് സ്വാഗതം ചെയ്യുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം എന്തായാലും ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.