നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും
ഇപ്പോൾ ചില നിർണായക മണ്ഡലങ്ങളുടെ കാര്യത്തിൽ കരുത്തരായ സ്ഥാനാർത്ഥികൾ വേണമെന്നുള്ള നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ ആവശ്യം ഹൈക്കമാൻഡ് വീണ്ടും പരിഗണിച്ചതും അദ്ദേഹവുമായി ആശയവിനിമയം നടത്തിയതും.
ദില്ലി:നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ. മത്സരസന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും.
സ്ഥാനാർത്ഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വവും പിന്നീട് ഹൈക്കമാൻഡും പോകുകയായിരുന്നു. പക്ഷേ, ഇപ്പോൾ ചില നിർണായക മണ്ഡലങ്ങളുടെ കാര്യത്തിൽ കരുത്തരായ സ്ഥാനാർത്ഥികൾ വേണമെന്നുള്ള നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ ആവശ്യം ഹൈക്കമാൻഡ് വീണ്ടും പരിഗണിച്ചതും അദ്ദേഹവുമായി ആശയവിനിമയം നടത്തിയതും.
മണ്ഡലം മാറി മത്സരിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാമോയെന്ന് ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും കേന്ദ്ര നേതൃത്വം ചോദിച്ചതായാണ് വിവരം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ വെല്ലുവിളി നേരിടാൻ കരുത്തരായ സ്ഥാനാർത്ഥികൾ തന്നെ രംഗത്തിറങ്ങേണ്ട സാഹചര്യമുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുരക്ഷിത മണ്ഡലങ്ങളിലാണ് മത്സരം കാഴ്ചവെക്കുന്നത്. ഈ മണ്ഡലം മാറി മത്സരിക്കാമോ എന്ന ഹൈക്കമാൻഡിന്റെ ചോദ്യത്തോട് ഇരുനേതാക്കളും പ്രതികരിച്ചിട്ടില്ല.