നാട്ടികയിലെ സ്ഥാനാര്‍ത്ഥി മരിച്ചതായി ജൻമഭൂമി പത്രത്തിൽ ചരമ വാര്‍ത്ത; മാപ്പർഹിക്കാത്ത കുറ്റമെന്ന് സിപിഐ
തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്‍റെ ഫോട്ടോ സഹിതമാണ് ചരമ കോളത്തിൽ വാര്‍ത്ത
തൃശൂര്‍: സിപിഐ സ്ഥാനാര്‍ത്ഥി മരിച്ചതായി പത്രത്തിന്‍റെ ചരമ കോളത്തിൽ വാര്‍ത്ത നൽകി ജൻമഭൂമി. തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്‍റെ ഫോട്ടോ സഹിതമാണ് ചരമ കോളത്തിൽ വാര്‍ത്ത നൽകിയത്.
ജൻമഭൂമിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്. നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. എന്നാൽ അബദ്ധം പറ്റിയതാണെന്ന വിശദീകരണമാണ് ബിജെപി മുഖപത്രം ജൻമഭൂമി നൽകുന്നത്.
ഇന്നലെയാണ് നാട്ടിക മണ്‍ലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.സ്ഥാനാര്‍ത്ഥിയുടെ പേരും ബയോഡാറ്റയും ചിത്രവുമടക്കം സിപിഐ ഓഫീസില് നിന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളിലും എത്തിച്ചിരുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് സ്ഥാനാര്‍ത്ഥി സിസി മുകുന്ദൻ മരിച്ചെന്ന വാര്‍ത്ത ജൻമഭൂമി ഫോട്ടോസഹിതം പ്രസിദ്ധീകരിച്ചത്.
ജൻമഭൂമിയുടെത് മാപ്പര്‍പ്പിക്കാത്ത കുറ്റമാണെന്ന് സിപിഐ കുറ്റപ്പെടുത്തി.വ്യാജവാര്‍ത്തക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.പട്ടികജാതി വിഭാഗത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയായതിലെ അസഹിഷ്ണുതയാണ് ബിജെപിയക്ക്കും ജൻമഭൂമിക്കുമെന്നും സിപിഐ ആരോപിച്ചു
മനപൂര്‍വം സംഭവിച്ചതല്ലെന്ന് ജൻമഭൂമി വിശദീകരിക്കുമ്മുമ്പോൾ അത് അംഗീകരിക്കാൻ സിപിഐ തയ്യാറല്ല. ബയോഡാറ്റ കണ്ടയുടൻ ചരമകോളത്തില്‍ വാര്‍ത്ത കൊടുക്കുന്നത് എങ്ങനെ അബദ്ധത്തില്‍ സംഭവിക്കുമെന്നാണ് ചോദ്യം. വരും ദിവസങ്ങളില്‍ നാട്ടിക മണ്ഡലത്തിൽ കൂടുതല്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് സിപിഐയുടെ തീരുമാനം.