മലപ്പുറം ലോക്സഭാ സീറ്റിനായി മുസ്ലീം ലീഗ് നേതൃത്വത്തിൽ സമ്മര്‍ദ്ദം ചെലുത്തി നേതാക്കൾ
എം.പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടി മടങ്ങാൻ തീരുമാനിച്ചതിനു പിന്നാലെ തന്നെ മലപ്പുറത്ത് അബ്ദുസമദ് സമദാനിയെ മത്സരിപ്പിക്കാൻ മുസ്ലീം ലീഗ് നേതൃത്വം ധാരണയിലെത്തിയിരുന്നു.
മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പമുള്ള മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുസ്ലീം ലീഗിന് തലവേദനയാകുന്നു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപെടുമെന്ന ഉറപ്പായ ചില എം.എല്‍.എമാര്‍ ലോക്സസഭ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മുൻ എം.പി അബ്ദുസമദ് സമദാനിയെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി ലീഗ് പരിഗണിക്കുന്നതിനിടയിലാണ് എം.എല്‍.എമാരുടെ സമ്മര്‍ദ്ദം.
എം.പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ.കുഞ്ഞാലിക്കുട്ടി മടങ്ങാൻ തീരുമാനിച്ചതിനു പിന്നാലെ തന്നെ മലപ്പുറത്ത് അബ്ദുസമദ് സമദാനിയെ മത്സരിപ്പിക്കാൻ മുസ്ലീം ലീഗ് നേതൃത്വം ധാരണയിലെത്തിയിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാവെന്നതും മികച്ച രാജ്യസഭാംഗമായിരുന്നുവെന്നതും സമദാനിയെ പരിഗണിക്കാൻ കാരണമായി.
നിയമസഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ വലിയ സമ്മര്‍ദ്ദവും തര്‍ക്കങ്ങളുമൊക്കെയുണ്ടെങ്കിലും ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ എളുപ്പത്തില്‍ തീരുമാനിക്കാമെന്നായിരുന്നു നേതൃത്വത്തിന്‍റെ ധാരണ.
എന്നാൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടന്നതോടെ നിലവിലെ നിയമസഭയിലുള്ള നിരവധി അംഗങ്ങളാണ് പാര്‍ലമെൻ്റ് സീറ്റിൽ കണ്ണുവച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നിയമസഭയിലേക്ക് മത്സരിക്കാനായി വേങ്ങര നിയമസഭാ സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്ന കെ.എൻ.എ ഖാദര്‍, പെരിന്തമണ്ണ എം.എല്‍.എ മഞ്ഞളാംകുഴി അലി, മണ്ണാര്‍ക്കാട് എം.എല്‍.എ എൻ.ഷംസുദ്ദീൻ അടക്കമുള്ള അര ഡസൻ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന.
സിറ്റിംഗ് എംഎൽഎമാരെ കൂടാതെ യൂത്ത് ലീഗും ലോക്സഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. ദേശീയ തലത്തില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിന് സീറ്റ് നല്‍കമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. പാര്‍ട്ടിക്കുള്ളിൽ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ടെങ്കിലും ഇപ്പോഴും മുൻതൂക്കം അബ്ദുസമദ് സമദാനിക്കു തന്നെയാണെന്നാണ് പാര്‍ട്ടിക്കുള്ളില സംസാരം.