സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് 51 ശതമാനം പേര്‍; സര്‍വേ ഫലം ഇങ്ങനെ

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ട് എന്ന് വിശ്വസിച്ചുവോ ജനങ്ങള്‍, അതോ വെറും രാഷ്‌ട്രീയ വിവാദങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കടന്നാക്രമണങ്ങളും മാത്രമായി അന്വേഷണം വിലയിരുത്തപ്പെടുകയാണോ. 

How Kerala gold smuggling case impact in Kerala Elections 2021 Survey Result

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചൂടേറും മുമ്പേ കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസ് വലിയ രാഷ്‌ട്രീയ വിവാദമായിക്കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആ ചൂട് സംസ്ഥാനത്തെ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ ഉച്ചസ്ഥായിയിലാണ്. രാഷ്‌ട്രീയമായി മുഖ്യമന്ത്രിയും അദേഹത്തിന്‍റെ ഓഫീസും വലിയ പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ ജനം കണ്ടത് എന്താണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ട് എന്ന് വിശ്വസിച്ചുവോ ജനങ്ങള്‍, അതോ വെറും രാഷ്‌ട്രീയ വിവാദങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കടന്നാക്രമണങ്ങളും മാത്രമായി അന്വേഷണം വിലയിരുത്തപ്പെടുകയാണോ. ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയില്‍ തെളിഞ്ഞ രാഷ്‌ട്രീയ ചിത്രങ്ങള്‍ നോക്കാം. 

കേന്ദ്ര എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്ക് എൽഡിഎഫ് സർക്കാരിനോടുളള സമീപനത്തെ എങ്ങനെ കാണുന്നു എന്നായിരുന്നു ആദ്യ ചോദ്യം. നിഷ്പക്ഷ സമീപനം സ്വീകരിക്കുന്നതായും ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യുന്നതായും 24 ശതമാനം പേര്‍ വിലയിരുത്തിയപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാരിനെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം എന്ന് വിലയിരുത്തി 49 ശതമാനം ആളുകള്‍. പറയാനാവില്ല എന്ന മറുപടി നല്‍കി 27 ശതമാനം പേര്‍. 

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യവും സര്‍വേയിലുണ്ടായിരുന്നു. ഏഴ് മാസത്തിലേറെയായി മുഖ്യമന്ത്രിയെയും ഓഫീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് 51 ശതമാനം പേര്‍ മറുപടി നല്‍കിയെങ്കില്‍ സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതുന്നത് 20 ശതമാനം പേര്‍ മാത്രമാണ്. പറയാൻ കഴിയില്ല എന്ന് വ്യക്തമാക്കി 29 ശതമാനം ആളുകള്‍. 

തന്‍റെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടതാണ് സ്വർണക്കടത്തിലേക്കും ഹവാല ഇടപാടിലേക്കും വഴിതുറന്നത് എന്ന് കരുതുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. മുഖ്യമന്ത്രിയുടെ പരാജയം ചൂണ്ടികാണിച്ച് ഉണ്ട് എന്ന മറുപടി 27 ശതമാനം പേര്‍ നല്‍കിയപ്പോള്‍ ഇല്ല എന്ന പ്രതികരണമായിരുന്നു സര്‍വേയില്‍ 45 ശതമാനം ആളുകള്‍ക്ക്. അറിയില്ല എന്ന് 28 ശതമാനം പേരും മറുപടി നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios