മധ്യകേരളത്തിൽ കനത്ത മഴയും കാറ്റും, എറണാകുളത്ത് വ്യാപകനാശം
മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മറ്റൂർ മണിക്കമംഗലം പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായി
കൊച്ചി: കടുത്ത വേനൽ തുടരുന്നതിനിടെ മധ്യകേരളത്തിൽ ശക്തമായ മഴ. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തിയത് കടുത്ത ചൂടിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി.
വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കൊച്ചി,അങ്കമാലി,കാലടി മേഖലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും കനത്ത നഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മറ്റൂർ മണിക്കമംഗലം പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്കേറ്റു. മരത്തിനടിയിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്.
റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും തീവണ്ടി ഗതഗാതം തടസപ്പെട്ടു. ജനശതാബ്ദിയടക്കം പല തീവണ്ടികളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. വേനൽ മഴയിൽ ആലുവ ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു. ജനറേറ്റർ റൂം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് മുകളിലേക്കാണ് മരം വീണത്. ഗസ്റ്റ് ഹൗസിന്റെ അനക്സ് കെട്ടിടത്തിനും നാശ നഷ്ടം ഉണ്ടായി.