'പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാ രീതി'; കുറ്റ്യാടി പ്രതിഷേധത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ
പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല
കണ്ണൂർ: കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജൻ. സംഭവം ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതി. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാൻ പി ജയരാജൻ തന്നെ പറഞ്ഞതാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
മൂന്ന് ജയരാജൻമാരും സ്ഥാനാർത്ഥിയല്ലാത്തത് പുതുമുഖങ്ങളെ കൊണ്ട് വരണം എന്ന് പാർട്ടി നിശ്ചയിച്ചത് കൊണ്ടാണ് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു. എംഎൽഎ, മന്ത്രി എന്നത് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. കോൺഗ്രസിൻ്റെ അന്ത്യകൂദാശയാകും തിരഞ്ഞെടുപ്പ്. പി സി ചാക്കോയുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നതെന്നും എം വി ജയരാജൻ അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയിൽ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാന്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം.
കുറ്റ്യാടിയിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാൽ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. അതേ സമയം ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പ്രകടനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കുറ്റ്യാടിയിലെ പ്രതിഷേധം നാദാപുരം, പേരാന്പ്ര, വടകര എന്നീ മണ്ഡലങ്ങളെക്കൂടി ബാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്.
അതേ സമയം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം ആവശ്യപ്പെട്ടു. പ്രവർത്തകരെ അനുനയിപ്പിച്ച ശേഷം സ്ഥാനാർത്ഥിയുടെ കാര്യം ആലോചിക്കാമെന്ന് കേരളാ കോൺഗ്രസിനോട് സിപിഎം കുറ്റ്യാടി ഒഴിച്ചിടാൻ ജോസിനോട് നിർദേശിച്ചത് കൊടിയേരി ബാലകൃഷ്ണൻ. കോഴിക്കോട് സീറ്റുകൾ വെച്ചുമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. കുറ്റ്യാടിക്ക് പകരം തിരുവമ്പാടി തന്നുകൂടേയെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍ തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെന്ന് സിപിഎം അറിയിച്ചു.