സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രിൽ 12 ന് വോട്ടെടുപ്പ്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവർ മാസ്ക് അടക്കമുള്ള കൊവിഡ് നിബന്ധനകൾ പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒഴിയുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടക്കും. കെകെ രാഗേഷ്, അബ്ദുൾ വഹാബ്, വയലാർ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. മാർച്ച് 24 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ അഞ്ച് വരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 12 ന് രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് നാല് വരെ വോട്ടെടുപ്പ് നടക്കും. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവർ മാസ്ക് അടക്കമുള്ള കൊവിഡ് നിബന്ധനകൾ പാലിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും മേൽനോട്ട ചുമതല.