കൊവിഡിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ;നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഒരാഴ്ചക്കകം ?

തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്ന് ഇടതു പാര്‍ട്ടികൾ. മെയ് മാസത്തിൽ മതിയെന്ന് ബിജെപി. കലാശക്കൊട്ട് വേണമെന്ന അഭിപ്രായം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായപ്പെട്ടതായാണ് വിവരം 

election commission  Discussion with political party leaders

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം പുരോഗമിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പൊലീസ് ഉദ്യാഗസ്ഥരുമായും ആണ് ചർച്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്ന് ഇടതു പാര്‍ട്ടികൾ ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. കലാശക്കൊട്ട് വേണമെന്ന അഭിപ്രായം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും  കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ  നടത്തണമെന്നും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്നും ഏഴ് മണി മുതൽ അഞ്ച് മണി വരെ മതി തെരഞ്ഞെടുപ്പ് സമയം എന്നും കോൺഗ്രസ് പ്രതിനിധികൾ ആവശ്യപ്പെട്ടു.  എട്ടിനും 12 നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തന്നെ ആവര്‍ത്തിച്ച മുസ്ലീം ലീഗ് മലപ്പുറം പാർലമെന്‍റ് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയിൽ ജോസഫ് വിഭാഗത്തെ ക്ഷണിച്ചില്ല, 

കേരളത്തിന്‍റെ കൊവിഡ് സാഹചര്യത്തിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര , രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തുള്ളത്.  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുമായും പൊലീസ് നോഡൽ ഓഫീസർമാരുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തി.

ഇതിന് ശേഷമാണ് രാഷ്ട്രീയ കക്ഷി പ്രതിനിധികളിൽ നിന്നും അഭിപ്രായം തേടുന്നത്.  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ‍ർമാരുമായും എസ്പിമാരുമായും  സുരക്ഷാ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യും.   തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജൻസികളുമായും കമ്മീഷൻ ചർച്ച നടത്തും. ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവി  എന്നിവരുമായും ചർച്ച നടത്തുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് ഘട്ടങ്ങളും തിയതിയും നിശ്ചയിക്കുക. തിങ്കളാഴ്ച രാവിലെ കമ്മീഷൻ ഡൽഹിയിലേക്ക് മടങ്ങും. 

Latest Videos
Follow Us:
Download App:
  • android
  • ios