നിയമസഭയില്‍ അംഗ ബലം കൂട്ടാന്‍ ബിജെപി; പതിനഞ്ച് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രനിർദ്ദേശം
മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്.നേമം,വട്ടിയൂര്‍ക്കാവ്,മഞ്ചേശ്വരം,കാട്ടാക്കട, കോന്നി,അടൂര്‍ തുടങ്ങി 15 മണ്ഡലങ്ങളിലാവും ബിജെപിയുടെ കൂടുതല്‍ ശ്രദ്ധ.
സംസ്ഥാനത്ത് പതിനഞ്ച് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ബിജെപിക്ക് കേന്ദ്ര ഘടകത്തിന്‍റെ നിര്‍ദ്ദേശം. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വന്‍ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വോട്ടുറപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്.നേമം,വട്ടിയൂര്‍ക്കാവ്,മഞ്ചേശ്വരം,കാട്ടാക്കട, കോന്നി,അടൂര്‍ തുടങ്ങി 15 മണ്ഡലങ്ങളിലാവും ബിജെപിയുടെ കൂടുതല്‍ ശ്രദ്ധ. അയ്യായിരം മുതല്‍ എണ്ണായിരം വരെ വോട്ടുകള്‍ അധികം നേടാനായാല്‍ ഈ മണ്ഡലങ്ങളില്‍ ജയിക്കാമെന്ന കണക്കൂകൂട്ടലിലാണ് ബിജെപി.അമിത് ഷാ ,രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികള്‍ ഈ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കാനും ബിജെപി തയ്യാറെടുക്കുകയാണ്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന ജാഥ കടന്ന് പോകാത്ത ഇടങ്ങളില്‍ പിന്നീട് കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വലിയ റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താഴെ തട്ടിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പ്രവര്‍ത്തകര്‍ ഈ വോട്ടര്‍മാരെ നിരന്തരം കണ്ട് വോട്ട് ഉറപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മഞ്ചേശ്വരം പിടിക്കാന്‍ ബിജെപിയുടെ കര്‍ണ്ണാടക ഘടകത്തോട് അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും കേന്ദ്ര നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.