എലത്തൂര്‍ യുഡിഎഫില്‍ പ്രതിസന്ധി; പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ ബദൽ സ്ഥാനാർത്ഥി

എലത്തൂർ മണ്ഡലത്തില്‍ യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍. യുഡിഎഫ് പ്രഖ്യാപിച്ച സുല്‍ഫീഖര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് തീരുമാനമെടുത്ത കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പത്രിക നല്‍കി. 

Elathur UDF crisis Alternative candidate with the support of local leaders

എലത്തൂര്‍: എലത്തൂർ മണ്ഡലത്തില്‍ യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍. യുഡിഎഫ് പ്രഖ്യാപിച്ച സുല്‍ഫീഖര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് തീരുമാനമെടുത്ത കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പത്രിക നല്‍കി. കെപിസിസി നിര്‍വാഹക സമിതിയംഗം യുവി ദിനേശ് മണിക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പത്രിക നല്‍കാനെത്തിയപ്പോള‍് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരി പോലീസ് സംരക്ഷണയിലാണ് പത്രിക സമര്‍പ്പിച്ച് മടങ്ങിയത്.

മാണി സി കാപ്പന്‍റെ എന്‍സിക്കെയ്ക്ക് യുഡിഎഫ് നല്‍കിയ രണ്ടാം സീറ്റാണ് എലത്തൂര്‍. കാപ്പന്‍റെ അടുപ്പക്കാരനായ സുല്‍ഫീഖര്‍ മയൂരിക്ക് സീറ്റും കിട്ടി. എന്നാല്‍ എലത്തൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തു. മുന്നണി നേതൃത്വം തീരുമാനവുമായി മുന്നോട്ടുപോയി. ഇതോടെ എലത്തൂര്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമെടുത്തു. രാവിലെ നാമനിര്‍ദേശ പത്രികയും നല്‍കി. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ ഒരു സംഘം തന്നെ ദിനേശ് മണിക്കൊപ്പം കലക്ട്രേറ്റില്‍ എത്തിയിരുന്നു.

പിന്നാലെ സുല്‍ഫീക്കര്‍ മയൂരി പത്രിക നല്‍കാന്‍ കലക്ട്രേറ്റിലെത്തി. കൂടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാരുമില്ല. സുല്‍ഫീക്കര്‍ മയൂരി പത്രിക സമര്‍പ്പിക്കുമ്പോഴേക്ക് കലക്ട്രേറ്റില്‍ ദിനേശ് മണിയുടെ കൂടെയെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിച്ച് നിന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട പോലീസ് സുരക്ഷ കൂട്ടി. ഒടുവില്‍ പൊലീസ് സംരക്ഷണയില്‍ സുല്‍ഫീക്കര്‍ മയൂരി കലക്ട്രേറ്റില്‍ നിന്ന് പുറത്തേക്കുപോയി. പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന ആത്മവിശ്വാസമാണ് സുല്‍ഫീക്കര്‍ മയൂരിക്ക്.

കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ദിനേശ് മണിയുടെ കൂടെ പ്രചാരണത്തിനിറങ്ങുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കൈ മലര്‍ത്തുകയാണ് കോഴിക്കോട്ടെ യുഡിഎഫ് നേതൃത്വം.

Latest Videos
Follow Us:
Download App:
  • android
  • ios