ഇരട്ട വോട്ട്: പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ; വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യം

ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

double vote ramesh chennithala in high court

കൊച്ചി: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. വോട്ടർ പട്ടികയിൽ വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെടുന്നു. ജനവിധി അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനിതിരെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ  ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിൽ വ്യക്തമാക്കുന്നത്. ബൂത്ത് ലെവൽ സ്കൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്ത പ്രവൃത്തിയാണ്. അതിനാൽ ഇരട്ട  വോട്ടുകൾ മരവിപ്പികണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് തവണ കത്തയച്ചെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വ്യാജവോട്ട് ചേര്‍ക്കാന്‍ ഒത്താശ ചെയ്ത ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. വ്യാജവോട്ട് ചേര്‍ത്തതിന് ഉത്തവാദികളായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios