തലശ്ശേരിയിലെ ബിജെപി നിലപാട് കോൺഗ്രസിന് വോട്ട് മറിക്കാനെന്ന് സിപിഎം; പരസ്യമായ കോലീബി സഖ്യമെന്ന് എം വി ഗോവിന്ദൻ
ബിജെപിക്ക് ശക്തമായ വോട്ട് നിക്ഷേപമുള്ള തലശ്ശേരി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് പ്രതിസന്ധിയായത്. സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ ബിജെപി പിന്തുണ വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മനഃസാക്ഷി വോട്ട് ചെയ്യാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
കണ്ണൂർ: തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യുമെന്ന ബിജെപി ആഹ്വാനം യുഡിഎഫിന് വോട്ട് മറിക്കാനാണെന്ന് എം വി ഗോവിന്ദൻ. തലശ്ശേരിയിൽ പരസ്യമായ 'കോലീബി' സഖ്യമുണ്ടെന്നും ഇവർ ഒരുമിച്ചാലും സിപിഎം ജയിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞു. ഷംസീറിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള പരാജയഭീതിയുമില്ല.
മുമ്പും തലശ്ശേരിയിൽ ഇത്തരം പരീക്ഷണങ്ങളെ അതിജീവിച്ചിട്ടുണ്ട്. എല്ലാവരും മറുപക്ഷത്തും സിപിഎം ഒരു പക്ഷത്തുമായി നിന്ന് മത്സരിച്ചപ്പോൾ പോലും വിജയിച്ച മണ്ഡലമാണ് തലശ്ശേരിയെന്ന് എം വി ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിക്ക് ശക്തമായ വോട്ട് നിക്ഷേപമുള്ള തലശ്ശേരി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് പ്രതിസന്ധിയായത്. സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ ബിജെപി പിന്തുണ വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മനഃസാക്ഷി വോട്ട് ചെയ്യാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ബിജെപിയോട് പരസ്യമായി പിന്തുണ ആവശ്യപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ പിന്തുണക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നിരസിച്ച നസീർ, ബിജെപിയുടെ പരസ്യ പിന്തുണ തന്റെ ഒപ്പമുള്ളവരെ തളർത്തിയെന്നും പിന്തുണ ആവശ്യപ്പെട്ടത് നാക്കുപിഴയായിരുന്നുവെന്നും പ്രഖ്യാപിക്കുകയായിരുന്നു.