തൃക്കാക്കരയിൽ പി.ടി.തോമസിൻ്റെ പരാജയം ലക്ഷ്യമിട്ട് സിപിഎം; താരപ്രഭയുള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കാൻ ആലോചന
നിയമസഭയിൽ പി.ടി.തോമസ് നടത്തിയ പ്രസംഗങ്ങളെല്ലാം തന്നെ പലപ്പോഴും ഭരണപക്ഷത്ത് വലിയ ബഹളത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. മുഖ്യമന്ത്രിയും പിടിയും തമ്മിൽ വാക്ക്പ്പോരുണ്ടാവുന്നതും സഭയിൽ പതിവാണ്.
കൊച്ചി: കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിനെ ഇക്കുറി തൃക്കാക്കര സീറ്റിൽ നിന്നും നിയമസഭാ കാണിക്കരുതെന്ന കടുത്ത വാശിയിലാണ് സിപിഎം. ഈ സര്‍ക്കാരിൻ്റെ കാലത്തുടനീളം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ആളാണ് പി.ടി.തോമസ്. നിയമസഭയിൽ പി.ടി.തോമസ് നടത്തിയ പ്രസംഗങ്ങളെല്ലാം തന്നെ പലപ്പോഴും ഭരണപക്ഷത്ത് വലിയ ബഹളത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. മുഖ്യമന്ത്രിയും പിടിയും തമ്മിൽ വാക്ക്പ്പോരുണ്ടാവുന്നതും സഭയിൽ പതിവാണ്.
അത് കൊണ്ട് തന്നെ പിടിയെ തളയക്കാന്‍ വളരെ നാളായി സിപിഎം ശ്രമിച്ചുവരികയാണ്. ഈ സര്‍ക്കാരിന്‍റെ കാലത്ത് തോമസിനെതിരെ എടുത്തത് മൂന്ന് വിജിലന്‍സ് കേസുകളാണ്. വൻ താരപ്രഭയുളള ഒരു സ്ഥാനാര്‍ഥിയെ തൃക്കാക്കരയിൽ സ്ഥാനാര്‍ത്ഥിയായി ഇറക്കി തോമസിനെ തറപറ്റിക്കാന്‍ കഴിയുമോ എന്നാണ് സിപിഎമ്മിൻ്റെ ആലോചന. സിനിമാരംഗത്ത് നിന്നുള്‍പ്പെടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങല്‍ പല വഴിക്കും തുടങ്ങിയിട്ടുണ്ട്.
എറണാകളും ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും കരുത്തുറ്റ സീറ്റാണ് തൃക്കാക്കര. കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ച സെബാസറ്റ്യന്‍ പോളിനെ പി.ടി. തോമസ് തോല്‍പ്പിച്ചത് 11996 വോട്ടുകള്‍ക്ക്. അത് കൊണ്ട് തന്നെ തൃക്കാക്കര നോട്ടമിട്ട് കോണ്‍ഗ്രസിനുള്ളില് പലരും രംഗത്തിറങ്ങിയിട്ടുണ്ട്. പക്ഷ ഇതൊന്നും തന്‍റെ സാധ്യതയെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പി ടി തോമസ്.