സീറ്റ് വിഭജനത്തിൽ തൃപ്തിയെന്ന് സിപിഐ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കാനം രാജേന്ദ്രൻ
"സീറ്റ് വിഭജനത്തിൽ പരാതിയില്ല. സിപിഐക്ക് സിറ്റിംഗ് സീറ്റുകൾ കുറച്ചിട്ടില്ല, സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടതായും വന്നിട്ടില്ല."
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ സിപിഐ തൃപ്തരാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സീറ്റ് വിഭജനത്തിൽ പരാതിയില്ല. സിപിഐക്ക് സിറ്റിംഗ് സീറ്റുകൾ കുറച്ചിട്ടില്ല, സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടതായും വന്നിട്ടില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് എൽഡിഎഫിൽ സീറ്റ് വിഭജനം നടക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 21 മണ്ഡലങ്ങളിലേക്കുള്ള സിപിഐ സ്ഥാനാർത്ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. ആകെ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. നാലിടങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിക്കും. മുഹമ്മദ് മുഹ്സീൻ പട്ടാമ്പിയിൽ നിന്നും എൽദോ എബ്രഹാം മൂവാറ്റുപുഴയിൽ നിന്നും ജനവിധി തേടും. നെടുമങ്ങാട്- ജി ആർ അനിൽ, ചിറയിൻകീഴ് -വി ശശി, ചാത്തന്നൂർ- ജി എസ് ജയലാൽ, പുനലൂർ -പിഎസ് സുപാൽ, കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ, ചേർത്തല -പി പ്രസാദ്, വൈക്കം- സി.കെ ആശ, പീരുമേട് -വാഴൂർ സോമൻ, തൃശൂർ -പി ബാലചന്ദ്രൻ, ഒല്ലൂർ- കെ രാജൻ, കയ്പ്പമംഗലം- ഇ.ടി. ടൈസൺ, കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ, മണ്ണാർക്കാട് -സുരേഷ് രാജ്, മഞ്ചേരി -അബ്ദുൾ നാസർ, തിരൂരങ്ങാടി- അജിത്ത് കോളോടി, ഏറനാട്- കെ ടി അബ്ദുൽ റഹ്മാൻ, നാദാപുരം- ഇ കെ വിജയൻ, അടൂർ- ചിറ്റയം ഗോപകുമാർ എന്നിങ്ങനെയാണ് പുറത്തുവന്ന സ്ഥാനാർത്ഥി പട്ടിക. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിപട്ടികയാണ് പുറത്തുവരാനുള്ളത്.
Read Also: സിപിഐ സ്ഥാനാർത്ഥി പട്ടികയായി; നാലിടങ്ങളിൽ തീരുമാനം നാളെ; വനിതാ സ്ഥാനാർത്ഥി ഒരിടത്തു മാത്രം...