നേമത്തെ സര്‍ജ്ജിക്കൽ സ്ട്രൈക്കിൽ തീരുമാനം ആയില്ല; മണ്ഡലം മാറാനില്ലെന്ന് ചെന്നിത്തലയും ഉമ്മൻചാണ്ടിയും

നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മൻചാണ്ടിയോടും വട്ടിയൂര്‍കാവിലേക്ക് മാറിയാലോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍റ് ചോദിച്ചിരുന്നു. എന്നാൽ ഇരുവരും സമ്മതം അറിയിച്ചില്ല

congress to finalize candidate list discussions in delhi continues

ദില്ലി: പ്രഖ്യാപനത്തോട് അടുക്കുമ്പോഴും ആശയക്കുഴപ്പം തീരാതെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ കരുത്തരായ സ്ഥാനാര്‍ത്ഥികൾ തന്നെ വേണമെന്ന് ഹൈക്കമാന്‍റ് നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ആര് മത്സരിക്കുമെന്ന ഊഹം പോലും പുറത്ത് വിടാൻ നേതാക്കൾക്ക് കഴിയുന്നില്ല. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മൻചാണ്ടിയോടും വട്ടിയൂര്‍കാവിലേക്ക് മാറിയാലോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍റ് ചോദിച്ചിരുന്നു. എന്നാൽ ഇരുവരും സമ്മതം അറിയിച്ചില്ലെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനം കൂടി കണക്കിലെടുത്താണ് നേതാക്കളുടെ മൗനമെന്നാണ് സൂചന. 

നേമത്ത് ഒരു കൈ നോക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും എംപിമാര്‍ മത്സര രംഗത്ത് വേണ്ടെന്ന നിബന്ധനായാണ് തടസം. നേമം കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലം ആയത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇനി മുന്നോട്ട് പോകാനും കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ സിറ്റിംഗ് സീറ്റിന് പുറത്ത് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി സൂചനകൾ പുറത്ത് വന്നിട്ടും നേമത്താരെന്ന ചോദ്യം ചോദ്യമായി തന്നെ അവശേഷിക്കുകയുമാണ്. 

അതേസമയം എ ഐ ഗ്രൂപ്പ് താൽപര്യങ്ങളിൽ നിന്ന് സ്ഥാനാര്‍ത്ഥി പട്ടിക ഉരുത്തിരിയുന്നതിനോട് കടുത്ത വിയോജിപ്പാണ് ഹൈക്കമാന്റിനുള്ളതെന്നാണ് വിവരം. എഐ ഗ്രൂപ്പുകള്‍ മുന്‍പോട്ട് വയ്ക്കുന്ന പേരുകൾ  ഹൈക്കമാന്‍റ് വെട്ടുന്നതില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തിയിലാണ്. കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളുടെ നിര്‍ദ്ദേശങ്ങൾ പരിഗണിച്ച് ഹൈക്കമാന്‍റ് മുന്നോട്ട് വച്ച ചില പേരുകൾ അംഗീകരിക്കാനാകില്ലെന്ന നിലപാടും ഇക്കാര്യത്തിലുള്ള പ്രതിഷേധവും സീറ്റ് ചര്‍ച്ചകൾക്കിടെ പലവട്ടം ഉണ്ടായെന്നും വിവരമുണ്ട്.  എന്നാല്‍ ഭേദഗതി നിര്‍ദ്ദേശം മാത്രമാണ് നല്‍കുന്നതെന്നും, പേരുകള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നുമാണ് ഹൈക്കമാന്‍റിന്‍റെ വിശദീകരണം.

തൃശൂരില്‍ പദ്മജ വേണുഗോപാല്‍, കല്‍പറ്റയില്‍ ടി സിദ്ദിഖ്, മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി എന്നിവരുടെ പേരുകള്‍ ഉറപ്പിച്ചതായാണ് വിവരം. മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കന് പകരം കത്തോലിക്ക സഭാംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡൻറുമായ ഡോളി കുര്യാക്കോസ് പട്ടികയിൽ ഇടം നേടി. യാക്കോബായ സഭ അംഗമായ മാത്യു കുഴല്‍നാടനെ ചാലക്കുടിലയിലേക്ക് പരിഗണിക്കുന്നുവെന്നാണ് വിവരം. വൈക്കം സംവരണ സീറ്റില്‍ ഡോ പി ആര്‍ സോനയെ പരിഗണിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് സാധ്യത മങ്ങി.  ഇരിക്കൂറിൽ സജീവ് ജോസഫ്, സോണിസെബാസ്റ്റ്യന്‍,നിലമ്പൂരിൽ വിവി പ്രകാശ്, കഴക്കൂട്ടത്ത് ജെ എസ് അഖില്‍ എന്നിവരുടെ പേരുകളും അന്തിമ സാധ്യത പട്ടികയിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios