ആറ് തര്‍ക്ക മണ്ഡലങ്ങളിൽ പുതിയ ഫോര്‍മുലയുമായി കോൺഗ്രസ് നേതൃത്വം, പ്രഖ്യാപനം നാളെ
തലമുറമാറ്റമടക്കം അവകാശപ്പെട്ട് പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ബാലികേറാമലയായി കോണ്‍ഗ്രസിന് മുന്‍പിലുള്ളത് കല്‍പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ്
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാത്ത ആറ് മണ്ഡലങ്ങളില്‍ പുതിയ ഫോര്‍മുലയുമായി നേതൃത്വം. ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള കല്‍പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലേക്കാണ് ഹൈക്കമാൻഡ് സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചത്.
വട്ടിയൂർക്കാവ് പി സിവിഷ്ണുനാഥ്, കുണ്ടറ പി.എ ബാലൻ മാസ്റ്റർ ( മിൽമ ചെയർമാൻ) കൽപറ്റ ടി.സിദ്ദിഖ്, നിലമ്പൂരിൽ വി.വി പ്രകാശ്, തവനൂർ റിയാസ് മുക്കോളി, പട്ടാമ്പി ആര്യാടൻ ഷൗക്കത്ത് എന്നിങ്ങനെയാണ് ഹൈക്കമാൻഡ് നിര്‍ദ്ദേശിക്കുന്ന പേരുകൾ. രാഹുല്‍ഗാന്ധിയുടെ കൂടി ഇടപെടലില്‍ തര്‍ക്ക മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ നടക്കും.
ആറ് സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ ചർച്ചയിലൂടെ തീരുമാനമായെന്നും വട്ടിയൂർകാവിൽ ശക്തനായ സ്ഥാനാർഥി ഉണ്ടാകുമെന്നുമാണ് കന്റോൺമെന്റ് ഹൗസിൽ നടന്ന ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തലയുടെ പ്രതികരണം.
പി സി വിഷ്ണുനാഥിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് വട്ടിയൂര്‍ക്കാവ് കുണ്ടറ മണ്ഡലങ്ങളിലെ പ്രതിസന്ധി. ടി സിദ്ദിഖിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കല്‍പറ്റ, നിലമ്പൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൃശങ്കുവിലാക്കി. തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരായ പ്രതിഷേധമാണ് പ്രശ്നം.